മംഗലംഡാം : അടുത്ത കാലത്തൊന്നും യാഥാർഥ്യമാകാത്ത മംഗലംഡാം കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ വെട്ടിപ്പൊളിച്ച് നാട്ടിലെ റോഡുകളെല്ലാം ഗതാഗത യോഗ്യമല്ലാതായി. റോഡ് പൊളിച്ചുള്ള പൈപ്പിടല്‍ ഇപ്പോഴും തുടരുകയാണ്. മംഗലംഡാം – മുടപ്പല്ലൂർ റോഡില്‍ ഒരേ സമയം മൂന്ന് ജെസിബിയുടെ സഹായത്തോടെയാണ് പൈപ്പിടല്‍ തകൃതിയായി നടക്കുന്നത്. വണ്ടാഴി പഞ്ചായത്തിലെങ്കിലും ഈ വർഷം ജലവിതരണം നടത്തുമെന്നും പറയുന്നുണ്ട്. ഇതെല്ലാം നടക്കുമോ എന്നൊക്കെ കണ്ടറിയണം. മംഗലംഡാം റിസർവോയർ ഉറവിടമാക്കിയാണ് വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ നാല് പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങള്‍ക്കും കുടിവെള്ളം എത്തിക്കാൻ ലക്ഷ്യംവെക്കുന്ന 130 കോടിരൂപയുടെ മംഗലംഡാം കുടിവെള്ളപദ്ധതി ആരംഭിച്ചത്. എന്നാല്‍ ഇത്രയും ജനങ്ങള്‍ക്ക് നല്‍കാനുള്ള വെള്ളം വേനലില്‍ മംഗലംഡാമില്‍ ഉണ്ടാകുമോ എന്നുപോലും പരിശോധിക്കാതെയാണ് നാലു പഞ്ചായത്തുകളിലും ചെറിയ റോഡുകള്‍ തലങ്ങും വിലങ്ങും വെട്ടിപ്പൊളിച്ച് പൈപ്പിടല്‍ യജ്ഞം നടത്തുന്നത്. വീടുകളില്‍ ടാപ്പ് വരെ സ്ഥാപിക്കല്‍ കഴിഞ്ഞു. എന്നാല്‍ ഡാമില്‍ കൂടുതല്‍ ജലസംഭരണത്തിനായി മണ്ണ്നീക്കല് രണ്ട് വർഷത്തിലേറെയായി നിലച്ചിരിക്കുകയാണ്. ഡാമിലെ മണ്ണുംചെളിയും നീക്കാതെ അധിക ജലസംഭരണവും നടക്കില്ല. മണ്ണ് നീക്കംചെയ്യല്‍ അനിശ്ചിതത്വത്തില്‍ തുടരുമ്പോഴാണ് വീടുകളില്‍ ടാപ്പുകള്‍ വരെ സ്ഥാപിച്ച് ഫണ്ട് ദുർവ്യയം നടക്കുന്നതെന്ന ആരോപണവും ശക്തമാണ്. ഇനി തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ യഥേഷ്ടം വെള്ളം വീട്ടിലെത്തുമെന്ന് പറഞ്ഞ് വോട്ടുപിടുത്തവും നടക്കും. പദ്ധതിയുടെ സത്യാവസ്ഥ അറിയാത്ത ജനങ്ങള്‍ നേതാക്കള്‍ തട്ടിവിടുന്നതെല്ലാം വിശ്വസിക്കും. പൈപ്പിടാനായി വെട്ടിപ്പൊളിച്ച പഞ്ചായത്ത് റോഡുകള്‍ റിപ്പയർ ചെയ്യാൻ പഞ്ചായത്തുകള്‍ക്കും ഫണ്ടില്ല.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.