മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാതയിലും പഞ്ചായത്തുകളിലെ റോഡുകളിലും വാഹനയാത്ര കഠിനതരമായി. വലിയ കിടങ്ങുകള്പ്പോലെയാണു പല റോഡുകളും. മഴയെ പഴിചാരി ഭരണനേതൃത്വങ്ങള്‍ രക്ഷപ്പെടുമ്പോള്‍ വാഹനയാത്രികരാണു വഴിയില്‍ കുടുങ്ങുന്നത്. മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാത, വിനോദ സഞ്ചാര കേന്ദ്രമായ മുടപ്പല്ലൂർ – മംഗലംഡാം റോഡ്, മലയോരപാതയായ വാല്‍കുളമ്പ് – പനംങ്കുറ്റി- പന്തലാംപാടം റോഡ്, പാലക്കുഴി ഉള്‍പ്പെടെ മലയോര മേഖലയിലേക്ക് പ്രവേശിക്കുന്ന വടക്കഞ്ചേരി പ്രധാനി- കണ്ണംകുളം റോഡ്, വടക്കഞ്ചേരി ടൗണ്‍ കമ്മാന്തറ റോഡ്, വടക്കഞ്ചേരി ഗ്രാമം- തിരുവറ റോഡ്, വള്ളിയോട് മലബാർ ക്ലബ് റോഡ്, പൂക്കാട് ഭാഗത്തേക്കുള്ള റോഡ് തുടങ്ങി റോഡുകളെല്ലാം ഗതാഗതയോഗ്യമല്ലാത്ത വിധമാണിപ്പോള്‍. റോഡിനിരുവശവും മരങ്ങളുണ്ടെങ്കില്‍ മഴക്കാലത്തു റോഡുതകരുമെന്ന തെറ്റായ പ്രചരണത്തിനു അപവാദമായിരുന്നു മുടപ്പല്ലൂർ- മംഗലംഡാം റോഡ്. നല്ല രീതിയില്‍ റീടാറിംഗ് നടത്തിയിരുന്ന റോഡ് കുറെക്കാലം തകരാതെ പിടിച്ചു നിന്നു. റീടാറിംഗിനായി കണക്കാക്കുന്ന എസ്റ്റിമേറ്റ് തുക മറ്റുവഴിക്കുപോകാതെ റോഡുവികസനത്തിനായി ഉപയോഗിച്ചാല്‍ ഏതുമഴയിലും മരങ്ങള്‍ക്കിടയിലും ടാറിംഗ് വർഷങ്ങളേറെ നിലനില്ക്കും എന്നതിനൊരു തെളിവായിരുന്നു മംഗലംഡാം റോഡ്. മംഗലംഡാം കുടിവെള്ള പദ്ധതിയുടെ പൈപ്പിടാൻ റോഡുകളെല്ലാം വെട്ടിപ്പൊളിച്ചതും നാട്ടിലെ യാത്രകള്‍ ദുർഘടയാത്രകളാക്കി മാറ്റി. പ്രതീക്ഷക്കു വകയില്ലാത്ത കുടിവെള്ള പദ്ധതിക്കായി നാലുപഞ്ചായത്തുകളിലെ റോഡുകളാണു വെട്ടിപ്പൊളിച്ച് പൈപ്പിട്ടിട്ടുള്ളത്. വീടുകളില്‍ ടാപ്പുവരെ സ്ഥാപിച്ചു കഴിഞ്ഞു. എന്നാല്‍ പൈപ്പിലൂടെ വിടാനുള്ളവെള്ളം എവിടെനിന്നുകിട്ടും എന്നതിനു ഉത്തരമായിട്ടില്ല. മംഗലംഡാമിലെ മണ്ണുംചെളിയുംനീക്കി കൂടുതല്‍ വെള്ളംസംഭരിച്ചു വേനലിലേക്ക് വെള്ളം സ്റ്റോർചെയ്യാം എന്നൊക്കെയാണു പദ്ധതി വിഭാവനംചെയ്യുന്നത്. എന്നാല്‍ ഡാമിലെ മണ്ണെടുക്കല്‍ രണ്ടുവർഷമായി മുടങ്ങിക്കിടക്കുകയാണ്. ഇനി റീടെൻഡർ വരും എന്നൊക്കെ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ പഞ്ചായത്തുറോഡുകളെല്ലാം ഇനി എന്നുനന്നാകും എന്നതും കണ്ടറിയേണ്ടി വരും.

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.