കണ്ണമ്പ്ര : മഞ്ഞപ്ര ചിറയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് വളർത്തുനായ ചത്ത സംഭവത്തിൽ ഫോറൻസിക് വിദഗ്ധരും ബോബ് സ്‌ക്വാഡും പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ കാട്ടുപന്നിയെ തുരത്താനുപയോഗിക്കുന്ന പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പരിശോധനാസംഘം പറഞ്ഞു. വിശദപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. റോഡിനു സമീപം കാടുമൂടിക്കിടന്ന പറമ്പിലാണ് നായ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചത്തത്. കാട്ടുപന്നിയെ പിടികൂടാൻ വെച്ച പടക്കം നായ കടിക്കുകയായിരുന്നെന്നാണ് നിഗമനം.മഞ്ഞപ്ര ചിറ പൂളയ്ക്കൽ വീട്ടിൽ പ്രഭാകരന്റെ ഡാഷ്‌ഹണ്ട് ഇനത്തിലുള്ള നായയാണ് ചത്തത്. തിങ്കളാഴ്ച വൈകീട്ട് പ്രഭാകരനും ഭാര്യ ഗീതയും നടക്കാനിറങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്ന നായ റോഡരികിലുള്ള പറമ്പിലേക്ക് കയറി. തുടർന്ന് സ്‌ഫോടനശബ്ദം കേട്ട് നോക്കിയപ്പോൾ തല തകർന്ന നിലയിൽ നായയെ കണ്ടെത്തി. സംഭവം നടന്നതിനു സമീപം ഒരു പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നു. ഇവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം. വടക്കഞ്ചേരി എസ്.ഐ. ജീഷ്‌മോൻ വർഗീസ്, ഫോറൻസിക് സയന്റിഫിക് ഓഫീസർ പി.പി. ആനന്ദ്, ബോംബ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. ടി. വിജയകുമാർ, എ.എസ്.ഐ. കെ. ഗിരീഷ്‌കുമാർ, ഹെഡ് കോൺസ്റ്റബിൾ എ. സുജിത്, കണ്ണമ്പ്ര സീനിയർ വെറ്ററിനറി സർജൻ ഡോ. വി. ശ്രീനിവാസൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.