ഭീഷണിയായി പാതയോരത്തെ പുല്ലും വൈദ്യുതത്തൂണിലെ കേബിളും

ആലത്തൂർ : പ്രധാന പാതയോരങ്ങളിൽ വളർന്നുനിൽക്കുന്ന പുല്ലും പാതയോരത്തെ വൈദ്യുതത്തൂണുകളിൽ സ്വകാര്യ കേബിൾ ടി.വി., ഇന്റർനെറ്റ് സേവനദാതാക്കൾ സ്ഥാപിച്ച കേബിളും ബോക്‌സുകളും അപകടം ക്ഷണിച്ചുവരുത്തുന്നു.കുനിശ്ശേരി-തൃപ്പാളൂർ പാത, തൃപ്പാളൂർ ശിവക്ഷേത്രം പാത എന്നിവിടങ്ങളിൽ ആൾപ്പൊക്കത്തിലാണ് പുല്ലു വളർന്നുനിൽക്കുന്നത്. വളവുകളിൽ പാതയിലെ കാഴ്ച മറയ്ക്കുന്നത് അപകടം വരുത്തിവെക്കുന്നു. പുല്ലിനടിയിൽ കഴിയുന്ന ക്ഷുദ്രജീവികൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ പുല്ലു വെട്ടുന്ന പ്രവൃത്തി ഒഴിവാക്കിയതാണ് പ്രശ്നം. പൊതുമരാമത്ത്, ഗ്രാമപ്പഞ്ചായത്ത് വകുപ്പുകളിൽ പാതയോരത്തെ പുല്ല് വെട്ടിമാറ്റിയിരുന്ന വിഭാഗം ഇപ്പോൾ കാര്യക്ഷമമല്ല.വൈദ്യുതത്തൂണുകളിൽ കേബിൾ ടി.വി., ഇന്റർനെറ്റ് സേവനദാതാക്കളാണ് നിശ്ചിതവാടക നൽകി കേബിൾ സ്ഥാപിച്ചിട്ടുള്ളത്.കേബിളിൽ സ്ഥാപിച്ചിട്ടുള്ള ബോക്‌സുകൾ പലയിടത്തും താഴേക്ക് തൂങ്ങിക്കിടക്കുന്നു. ഇരുചക്രവാഹനങ്ങളിലും സ്‌കൂൾ വിദ്യാർഥികളുടെ ബാഗിലും ഇത് കുരുങ്ങുന്നുണ്ട്. കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ആലത്തൂർ ഗവ. ഗേൾസ്, എ.എസ്.എം.എം. സ്കൂളുകളുടെ മുൻവശത്ത് പാതയോരത്ത് ഇത്തരത്തിൽ ബോക്‌സുകൾ തൂങ്ങിനിൽക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ബൈക്ക്‌ യാത്രക്കാരനുമേൽ കുരുങ്ങിയെങ്കിലും അപകടം ഒഴിവായി. സ്‌കൂൾ വിദ്യാർഥികൾ തിടുക്കത്തിൽ നടന്നുപോകുമ്പോൾ ബാഗിൽ കുടുങ്ങി പിന്നാക്കം വലിക്കുന്നതുമൂലം വീഴാറുണ്ട്.വൈദ്യുതത്തൂണുകളിൽ കേബിൾ വലിക്കുമ്പോൾ ഉയരത്തിലും സുരക്ഷിതമായും സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. മരക്കൊമ്പുകൾ പൊട്ടിവീണും മറ്റുമാണ് കേബിൾ താഴ്ന്നുവരുന്നത്. അറ്റകുറ്റപ്പണിക്കും പതിവുപരിശോധനയ്ക്കുമുള്ള എളുപ്പം നോക്കി കേബിളും ബോക്‌സും താഴ്ത്തിസ്ഥാപിക്കുന്നതായി പരാതിയുണ്ട്.