നെന്മാറ : അമൂല്യമായ കുടിവെള്ളം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ വാട്ടർ അഥോറിറ്റി താത്പര്യം കാണിക്കുന്നില്ല. കുടിവെള്ളവിതരണത്തിനുള്ള പൈപ്പുകള്‍ ഇടുവാനായി കേരളാ വാട്ടർ അഥോറിറ്റി ചാത്തമംഗലം അടിപ്പെരണ്ട പൊതുമരാമത്ത് റോഡിന്‍റെ വശങ്ങളിലുടനീളം ചാലുകീറിയിരുന്നു. ഇക്കാരണത്താല്‍ റോഡിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ പലയിടത്തും റോഡിന്‍റെ പകുതിയില്‍ കൂടുതലും നശിച്ച സാഹചര്യമാണ്. മാസങ്ങള്‍ക്ക് മുൻപ് കുഴിച്ച കുഴികള്‍ അടുത്ത കാലത്താണ് മണ്ണുമാന്തി യന്ത്രം ഉള്‍പ്പടെയുള്ള സാമഗ്രികള്‍ ഉപയോഗിച്ചു നികത്തിയത്. പണിപൂർത്തിയാക്കുന്നതിനിടയില്‍ കല്ലും മറ്റും മൂർച്ചയേറിയ വസ്തുക്കള്‍ ഉള്‍പ്പെടുത്തിയുള്ള മിശ്രിതം കൊണ്ടുള്ള കുഴിയടക്കല്‍ പ്രക്രിയയില്‍ മണ്ണിനടിയിലെ പിവിസി പൈപ്പുകള്‍ക്ക് കേടുപാടുകള്‍ സൃഷ്ടിക്കാൻ കാരണമായി. ചെട്ടികുളമ്പ് റേഷൻകടയ്ക്കു സമീപവും തളിപ്പാടം, ചക്രായി റോഡ്, പറയമ്പളം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പൊട്ടിയ പൈപ്പില്‍ നിന്നും വെള്ളം ഒഴുകി റോഡിലേക്ക് കയറുന്നുണ്ട്. റോഡിന്‍റെ വശങ്ങള്‍ നനഞ്ഞ് വെള്ളമൊഴുകുന്നതിനാല്‍ വലിയ വാഹനങ്ങള്‍ ഓടുന്നതോടെ റോഡിന്‍റെ വശങ്ങള്‍ ഇടിയുകയും കുഴികളും രൂപപ്പെടുന്നു. വെള്ളത്തിന്‍റെ പണം കൃത്യമായി ഈടാക്കുന്ന കാര്യത്തില്‍ അല്ലാതെ വെള്ളം പാഴായി പോകുന്നത് തടയാൻ പലപ്രാവശ്യം വിളിച്ചു പറഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ല. ജലക്ഷാമം നേരിടുന്ന ഈ കാലഘട്ടത്തിലും കെഡബ്ല്യുഎ യുടെ ഭാഗത്തു നിന്നു തന്നെ ഇത്തരത്തിലുള്ള വീഴ്ചയുണ്ടാകുന്നത്. കുടിവെള്ളം പാഴാകുന്ന സ്ഥലങ്ങളിലെ കേടുപാടുകള്‍ കണ്ടെത്തുകയും റോഡുകളുടെ നാശം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രാദേശനിവാസികള്‍ ആവശ്യപ്പെട്ടു.

Similar News
പന്നിയേയും, കുരങ്ങിനേയും തുരത്താൻ ‘സൂത്രതോക്കുമായി’ മഹാരാഷ്ട്രാ ദമ്പതിമാർ.
പണിക്ക് വേഗമേറണം, സുരക്ഷ ഉറപ്പാക്കണം
വൈക്കോലിനു പൊന്നുംവില; കിട്ടാക്കനി