വീഴുമലയിലെ പാരിസ്ഥിതികാഘാതം പഠനവിഷയമാക്കി വിദ്യാർഥികൾ

ആലത്തൂർ : ആറ് വർഷത്തിനിടെ രണ്ടുപ്രാവശ്യം ഉരുൾപൊട്ടലുണ്ടായ വീഴുമലയിലെ പാരിസ്ഥിതികാഘാതത്തെക്കുറിച്ച് പഠനം നടത്തി സ്കൂൾ വിദ്യാർഥികൾ. ആലത്തൂർ എ.എസ്.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥികളായ ഗായത്രിയും മാളവികയുമാണ് പഠനം നടത്തിയത്. 2018-ലും 2024-ലും ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിലായിരുന്നു പഠനം. ഇവരുടെ കണ്ടെത്തലുകളും നിഗമനങ്ങളും ജൈവവൈവിധ്യ ബോർഡിനും ദുരന്തനിവാരണ വിഭാഗത്തിനും തദ്ദേശസ്ഥാപനങ്ങൾക്കും കൈമാറും.വീഴുമലയിൽ മുൻകാലങ്ങളിൽ നടത്തിയ കരിങ്കൽ ഖനനം പാരിസ്ഥിതികാഘാതമുണ്ടാക്കിയെന്നാണ് കുട്ടികളുടെ കണ്ടെത്തൽ. വനാതിർത്തിയിലെ തോട്ടംവത്കരണം മൂലം മണ്ണ്, പുല്ല്, സസ്യങ്ങൾ എന്നിവയുടെ സ്വാഭാവികത നഷ്ടമായി. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗം പരിസ്ഥിതിസന്തുലനത്തെ ബാധിച്ചു. കാട്ടുതീയും കാലാവസ്ഥാവ്യതിയാനവും വനത്തിന്റെ പൊതുസ്വഭാവത്തിൽ മാറ്റം വരുത്തി.വീഴുമലയുടെ പൊതുവായ സ്വാഭാവികഘടന നശിപ്പിക്കപ്പെട്ടത് ഉരുൾപൊട്ടലിന് കാരണമായെന്നാണ് ഇവരുടെ കണ്ടെത്തൽ. 2018-നുമുമ്പ് ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ഈ വർഷം ആറിടത്ത് ഉരുൾപൊട്ടിയെന്നും പ്രദേശവാസികൾ പറഞ്ഞതായി പഠനറിപ്പോർട്ടിലുണ്ട്.പരിസ്ഥിതിശാസ്ത്രജ്ഞരായ മാധവ് ഗാഡ്ഗിലിന്റെയും കസ്തൂരിരംഗന്റെയും നിർദേശങ്ങൾപ്രകാരം വീഴുമലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന് വിദ്യാർഥികൾ വ്യക്തമാക്കുന്നു. വീഴുമലയിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. മലയോരത്തെ മലക്കുളം, കാട്ടുശ്ശേരി, വാനൂർ പ്രദേശങ്ങളെയും ആലത്തൂർ പട്ടണത്തെയും ഇത് ബാധിച്ചേക്കും. അധ്യാപകനായ ജി. ഗോകുലദാസിന്റെ നേതൃത്വത്തിലാണ് ശാസ്ത്രമേളയുടെ ഭാഗമായി കുട്ടികൾ പഠനം നടത്തിയത്.

https://chat.whatsapp.com/LVgGxBMPG3e8AuaZ5rM78I