മംഗലംഡാം : ഇരുപത്തിനാലു മണിക്കൂറും വിളിച്ചാല്‍ വിളിപ്പുറത്തു മദ്യം എത്തുന്ന വിധം നാട്ടിൻപുറങ്ങളിലെല്ലാം മദ്യവില്‍പ്പന തകൃതി. മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന സർക്കാരും നിഷ്ക്രിയമായ മദ്യവിരുദ്ധസമിതികളുമായപ്പോള്‍ കുടുംബങ്ങളിലെല്ലാം അശാന്തിയും അസമാധാനവുമായി.ബീവറേജസിന്‍റെ ഔട്ട് ലെറ്റുകളില്‍ നിന്നും വലിയ തോതില്‍ മദ്യം വാങ്ങിക്കൊണ്ടുവന്ന് വീടുകള്‍ കേന്ദ്രീകരിച്ചും ഇരുചക്രവാഹനങ്ങളിലുമായി കൂടിയ വിലയ്ക്കാണ് വില്‍പ്പന പൊടിപൊടിക്കുന്നത്. ആശുപത്രികളിലെ അത്യാഹിതവിഭാഗം പോലെ ഏത് സമയത്തും മദ്യം ലഭ്യമാണ്. കൂലിപ്പണിക്ക് പോയി കിട്ടുന്ന കൂലിയെല്ലാം ഇത്തരം വില്‍പ്പനക്കാരിലാണ് എത്തുന്നത്. മംഗലംഡാം പോലീസ് സ്റ്റേഷനു സമീപത്തെ ചെറിയ റോഡുകളിലും മലയോരത്തുമെല്ലാമുണ്ട് മദ്യവില്‍പ്പന. ഏതുസമയവും ഇതുവഴി പോകുന്ന പോലീസും എക്സൈസും ഇതൊന്നും കാണാതിരിക്കാനോ കേള്‍ക്കാതിരിക്കാനോ വഴിയില്ല. കുപ്പിയായി വാങ്ങാൻ പണമില്ലെങ്കില്‍ പെഗ് രീതിയിലും ലഭ്യമാണ്.കിഴക്കഞ്ചേരി കൊട്ടേക്കുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സഞ്ചരിക്കുന്ന ബാറുകളിലാണ് ഈ സൗകര്യമുള്ളത്. ഒരു ദിവസം ക്വാർട്ടറും ഫുള്ളുമായി നൂറോളം കുപ്പികള്‍ വില്‍പ്പന നടത്തുന്നവർ വരെയുണ്ടെന്ന് പറയുന്നു. ദിവസം വലിയ അധ്വാനമില്ലാതെ രണ്ടായിരം രൂപ പോക്കറ്റിലാകും. രാപ്പകല്‍ വ്യത്യാസമില്ലാതെ ഇത്തരക്കാരുടെ സേവനം നാട്ടുകാർക്ക് ലഭ്യവുമാണ്. ഓരോ വില്‍പ്പനക്കാർക്കും നിശ്ചിത ഏരിയയുണ്ട്. മലയോരമേഖല ഉള്‍പ്പെടെ ഈ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ദൂരമനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകും.വിദൂര മലമ്പ്രദേശമായ പാലക്കുഴി വരെയും മദ്യവിതരണമുണ്ട്. മദ്യത്തിനു പുറമെ നിരോധിത പുകയില ഉത്പന്നങ്ങളും ഇത്തരക്കാരുടെ സേവനങ്ങളില്‍പെടുന്നുണ്ട്. അത്യാവശ്യക്കാർക്ക് ടച്ചിംഗ്സ്, വെള്ളം, സോഡ എന്നിവയും ലൈനില്‍ ലഭ്യമാണ്. ഇവരുടെ ഭാഷയില്‍ ജിഎസ്ടി അടക്കം സാധനത്തിന് വില കൂടുമെന്നു മാത്രം. കുടുംബങ്ങള്‍ തകർന്നാലും മദ്യവില്‍പ്പന വഴിയുള്ള വരുമാനം കൂടാൻ പ്രോത്സാഹനം നല്‍കുന്ന സർക്കാർ നാട്ടിൻപുറങ്ങളിലും ബീവറേജസിന്‍റെ കൂടുതല്‍ ഔട്ട് ലെറ്റുകള്‍ തുടങ്ങി കൂലി പ്പണിക്കാരായ പാവങ്ങളുടെ പണം ഇടനിലക്കാർ കൊള്ളയടിക്കുന്നത് തടയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ.
https://chat.whatsapp.com/LVgGxBMPG3e8AuaZ5rM78I

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.