മംഗലംഡാം മുടപ്പല്ലൂർ റോഡിലെ യാത്രാ ദുരിതം; തിങ്കളാഴ്‌ച ക്വാറികളിലേക്കുള്ള ലോറികൾ തടയുമെന്ന് പഞ്ചായത്ത്‌ ജനകീയ സമിതി

മംഗലംഡാം : തകർന്ന് കിടക്കുന്ന മംഗലംഡാം – മുടപ്പല്ലൂർ റോഡ് ടാറിങ് പണി പൂർത്തിയാകുന്നതുവരെ ക്വാറികളിൽ നിന്ന് അമിതഭാരം കയറ്റി വരുന്ന ടോറസ് ലോറികളുടെ സർവീസ് നിർത്തി വയ്ക്കണമെന്ന് വണ്ടാഴി പഞ്ചായത്ത് ജനകീയ സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കലക്ടർ അടക്കം ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി. ജലനിധിയുമായി ബന്ധപ്പെട്ട് റോഡിന്റെ വശങ്ങളിൽ ചാലുകീറിയതിനാലും ക്വാറികളിൽ നിന്ന് അമിതഭാരവുമായുള്ള ലോറികളുടെ ഇടതടവില്ലാത്ത ഓട്ടവും കാരണമാണ് മംഗലംഡാം മുടപ്പല്ലൂർ റോഡ് ഇത്രയ്ക്കും തകർന്നത്.വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് റോഡരികിൽ ബസ്കാത്ത് നിൽക്കാനോ ബസുകൾക്ക് ‌സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റാനോ കഴിയുന്നില്ല. സ്കൂൾ വാഹനങ്ങൾക്കും മറ്റു ചെറുവാഹന ങ്ങൾക്കും യഥാസമയം കടന്നു പോകാൻ പറ്റാത്തത് ആശുപത്രിയിലേക്കു പോകുന്ന രോഗികൾ, വിദ്യാർഥികൾ, ജോലിക്കാർ തുടങ്ങിയവർക്കൊക്കെ ബുദ്ധിമുട്ടാകുന്നു. രൂക്ഷമായ പൊടി ശല്യം കാരണം റോഡരികിലെ വ്യാപാര സ്ഥാപനങ്ങൾ ശരിയായി തുറക്കാൻ പറ്റുന്നില്ല. കുടാതെ റോഡരികിലെ താമസക്കാർക്ക് വിട്ടു മാറാത്ത അസുഖങ്ങളും കുടുന്നു.ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് ക്വാറികളിൽ നിന്ന് അമിതഭാരം കയറ്റി വരുന്ന ലോറികളുടെ സർവീസ് നിർത്തി വയ്ക്കണമെന്നും അല്ലാത്ത പക്ഷം നാളെ ലോറികൾ തടയുമെന്നും വണ്ടാഴി പഞ്ചായത്ത് ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.