റബര്‍ഷീറ്റ് മോഷണം: മൂന്നുപേരെ പിടികൂടി

റബർഷീറ്റ് മോഷ്ടിച്ച മൂന്നുപേരെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു. അയിലൂർ പൂളയ്ക്കല്‍ പറമ്ബ് കെ. രമേഷ് (44), കയറാടി പട്ടുകാട് എസ്.സൻസാർ (22), നെന്മാറ കോളജിന് സമീപം നെല്ലിക്കാട്ട് പറമ്ബ് സി. പ്രമോദ് (29) എന്നിവരെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. അയിലൂർ കുറുമ്ബൂർക്കളം കെ. സുരേഷ് കുമാറിന്‍റേയും പാളിയമംഗലം മറ്റത്തില്‍ വീട്ടില്‍ ഷാജിയുടെയും വീടിന് പുറത്ത് ഉണങ്ങാനിട്ടിരുന്ന 71 റബർ ഷീറ്റുകളാണ് മോഷണം പോയത്. കഴിഞ്ഞ നവംബർ 25 നാണ് ഇരുവരുടെയും ഷീറ്റുകള്‍ അർധരാത്രിക്കു ശേഷം മോഷണം പോയത്. രാവിലെയാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ഇരുവരും നെന്മാറ പോലീസില്‍ പരാതി നല്‍കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളിലൊരാള്‍ സമീപത്തെ രാഷ്ട്രീയപാർട്ടിയുടെ കൊടിമരത്തിലെ പതാക അഴിച്ച്‌ മുഖം മറച്ചുകെട്ടിയിരുന്നു. എങ്കിലും പ്രതിയുടെ രൂപസാദൃശ്യം വ്യക്തമായി ലഭിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് പോലീസ് നെന്മാറ, വടക്കഞ്ചേരി മേഖലകളിലെ റബർ കടകളിലേക്ക് മോഷണത്തെക്കുറിച്ച്‌ ജാഗ്രതാ നിർദേശം നല്‍കിയിരുന്നു. അടുത്തദിവസം വടക്കഞ്ചേരിയിലെ റബർകടയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കട തുറക്കുന്നതിന് മുമ്ബ് തന്നെ കടയ്ക്കു മുമ്ബില്‍ എത്തിച്ച്‌ പ്രതികള്‍ വില്‍ക്കാൻ നില്‍ക്കുകയായിരുന്നു. കട തുറന്നയുടൻ വന്ന ഷീറ്റ് ആയതിനാല്‍ ജോലിക്കാർ എത്തുന്നതിന് മുമ്ബ് കട ഉടമയാണ് റബർ ഷീറ്റ് തൂക്കം നോക്കിയത്. പൂർണമായി ഉണങ്ങാത്ത ഷീറ്റും ഷീറ്റുകള്‍ മറിച്ചിട്ടപ്പോള്‍ ഷീറ്റുകളില്‍ വ്യത്യസ്തമായ അടയാളവും കണ്ടതും കടയുടമ ശ്രദ്ധിച്ചിരുന്നു. ഇതിനുശേഷമാണ് പോലീസിന്‍റെ മുന്നറിയിപ്പ് റബർ വ്യാപാരിക്ക് ലഭിക്കുന്നത്. വ്യാപാരി അറിയിച്ചതിനനുസരിച്ച്‌ പോലീസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാനായത്. പ്രതികളെ മോഷണസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പു നടത്തി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്‌ഐമാരായ രാജേഷ്, മണികണ്ഠൻ, അബ്ദുള്‍ നാസർ, എഎസ്‌ഐ സുഗുണ, പോലീസുകാരായ റഫീസ്, ശ്രീജിത്ത്, ശ്യാംകുമാർ, ഇബ്രാഹിം, ഡ്രൈവർ അഖിൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണവും തെളിവെടുപ്പും നടത്തിയത്.”