വടക്കഞ്ചേരി : കിഴക്കഞ്ചേരി പഞ്ചായത്തില്‍ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്ന് നശിപ്പിക്കുന്നതിനായി പഞ്ചായത്തിലെ ജനജാഗ്രത സമിതി പാനലിന് രൂപം നല്‍കി. ലൈസൻസുള്ള പഞ്ചായത്തിലെ പട്ടേംപാടം ബെന്നി പോള്‍ പുതുശേരി ഉള്‍പ്പെടുന്നതാണ് പാനല്‍. സ്ഥിരമായി കാട്ടുപന്നി ശല്യമുള്ള കർഷകർ ബെന്നി പോളിനെയോ അതാത് വാർഡ് മെമ്പറെയോ കണ്‍വീനറെയോ അറിയിച്ചാല്‍ സ്ഥലത്തെത്തി പന്നിയെ വെടിവച്ച് നശിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കവിത മാധവൻ പത്രക്കുറിപ്പില്‍ അറിയിച്ചു. കൃഷിയിടത്തിലെ സ്ഥിരം ശല്യക്കാരാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാമെന്ന സർക്കാർ ഉത്തരവിന്മേല്‍ ആദ്യമായി കാട്ടുപന്നിക്കു നേരെ വെടിയുതിർത്തതും ബെന്നി പോളായിരുന്നു. 2021 സെപ്റ്റംബർ ഏഴിനായിരുന്നു നെന്മാറ ഡിഎഫ്‌ഒക്കു കീഴില്‍ ആദ്യമായി പന്നിയെ വെടിവച്ച് കൊന്ന് ബെന്നി പോള്‍ കർഷകർക്കിടയിലെ ഹീറോ ആയത്. പനംകുറ്റി കരോട്ടുകുടി ലീലയുടെ വീട്ടുവളപ്പിലെ കുടിവെള്ള കിണറ്റില്‍ വീണ 80 കിലോ തൂക്കമുണ്ടായിരുന്ന വലിയ ആണ്‍പന്നിയെയാണ് തോക്കു ലൈസൻസുള്ള ബെന്നി പോള്‍ അന്ന് വകവരുത്തിയത്. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് നശിപ്പിക്കുന്നത് മൂന്ന് വർഷം മുൻപ് ആരംഭിച്ചിരുന്നെങ്കിലും പിന്നീടത് നിലച്ച മട്ടിലായിരുന്നു. വെടിവച്ച് കൊല്ലുന്നതിലെ മാനദണ്ഡങ്ങളും പണചെലവുമാണ് ദൗത്യം പുറകോട്ടടിച്ചത്. ഇതെല്ലാം പരിഹരിക്കും വിധമാകും തുടർനടപടികള്‍. അതല്ലെങ്കില്‍ ദൗത്യം വീണ്ടും നിലക്കും. ഷൂട്ടർ ബെന്നി പോളിന്‍റെ ഫോണ്‍ – 9744793215, കണ്‍വീനർ പോപ്പി ജോണ്‍ 9447620137.

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.