നെല്ലിയാമ്പതിയിലെ ആദിവാസിയുവതിക്ക് ആംബുലൻസില്‍ സുഖപ്രസവം

നെല്ലിയാമ്പതി കാരപ്പാറയില്‍ നിന്നു പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോയ യുവതി ആംബുലൻസില്‍ പ്രസവിച്ചു.നെല്ലിയാമ്പതി കാരപ്പാറയ്ക്ക് സമീപം ആനക്കയം ഭാഗത്ത് കാട്ടില്‍ താമസിച്ചുവരികയായിരുന്ന ബീന (22) പ്രസവവേദനയെ തുടർന്ന് 108 ആംബുലൻസില്‍ ജില്ലാ ആശുപത്രിയിലേക്കു പോകുന്ന വഴിയിലാണ് ആംബുലൻസില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. കഴിഞ്ഞദിവസം രാത്രി 10 ന് പ്രസവവേദനയെ തുടർന്ന് കാരപ്പാറയില്‍ എത്തിയ ബീനയും ഭർത്താവ് രാജേഷും കാരപ്പാറയില്‍ ഉള്ളവരുടെ സഹായം തേടിയപ്പോഴാണ് പുറംലോകം ഇവരുടെ അവസ്ഥ അറിയുന്നത്. പ്രദേശവാസികള്‍ ഏർപ്പാട് ചെയ്ത ഓട്ടോറിക്ഷയില്‍ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി പത്തരയോടെ എത്തിയെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കയച്ചു. അവിടെ പരിശോധിച്ചതില്‍ ക്ഷീണിതയായതിനാലും ആരോഗ്യനില മോശമായതിനാലും ആംബുലൻസ് ഏർപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. പാലക്കാട് എത്തുന്നതിന് മുമ്പ് യാക്കരക്ക് ശേഷം വാഹനത്തില്‍ വച്ച്‌ ബീന പ്രസവിക്കുകയായിരുന്നുവെന്ന് ആംബുലൻസിലെ നേഴ്സ് അറിയിച്ചു. തുടർന്ന് കുട്ടിയെയും അമ്മയെയും ആംബുലൻസ് സ്റ്റാഫ്നേഴ്സ് കിരണും ഡ്രൈവർ രമല്‍, ഭർത്താവ് രാജേഷ് എന്നിവരുടെ സഹായത്താല്‍ പ്രസവ ശുശ്രൂഷ നല്‍കി രാത്രി പന്ത്രണ്ടരയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.”