പെരുവെമ്പില്‍ വീടിന്‍റെ പൂട്ടുപൊളിച്ച്‌ 30 പവനും, ലാപ്ടോപ്പും കവര്‍ന്നു.

പാലക്കാട്‌: തണ്ണീർപ്പന്തലിനു സമീപം പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 30 പവൻ ആഭരണവും ഒരു ലാപ്ടോപ്പും കവർന്നു. പെരുവെമ്പ് തോട്ടുപാലം ചിത്രകൂടത്തില്‍ കോമളൻകുട്ടിയുടെ വീട്ടിലാണ് കവർച്ച. വീട്ടുടമ കുടുംബസമേതം ഇക്കഴിഞ്ഞ എട്ടിന് മംഗലാപുരത്തുള്ള മകളുടെ വീട്ടില്‍ പോയതായിരുന്നു.

തോട്ടുപാലത്തുള്ള കോമളൻകുട്ടിയുടെ ബന്ധു യാദൃച്ഛികമായി അതുവഴി ചെന്നപ്പോള്‍ വീടിന്‍റെ മുൻവാതില്‍ പൊളിച്ചത് ശ്രദ്ധയില്‍പ്പെട്ടു. വിവരം പുതുനഗരം പോലീസിലും കോമളൻ കുട്ടിയേയും അറിയിച്ചു. പോലീസ് സ്ഥലത്തെത്തി വീടു പരിശോധിച്ചപ്പോള്‍ അലമാര തകർത്തനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാവിലെ കോമളൻകുട്ടി വീട്ടിലെത്തി അലമാര പരിശോധിച്ചതില്‍ 30 പവൻ ആഭരണം കവർന്നതു തിരിച്ചറിഞ്ഞു. പാലക്കാടുനിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധ രും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പുതുനഗരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീട്ടില്‍ ആരുമില്ലെന്നു മനസിലാക്കി നടന്ന കവർച്ച എന്നതിനാല്‍ പ്രാദേശികകുറ്റവാളികളുടെ ബന്ധം മോഷണത്തിലുണ്ടോ എന്ന കാര്യവും പോലീസ് നിരീക്ഷിച്ചുവരികയാണ്.