മംഗലംഡാം : ശ്രീകുറുമാലി ഭഗവതി ക്ഷേത്രത്തിലെ കതിരുത്സവം നാടിന് ആവേശമായി. മംഗലംഡാം, കല്ലാനക്കര, ഒടുകൂർ, പന്നി ക്കുളമ്പ്, പറശ്ശേരി എന്നീ അഞ്ച് ദേശങ്ങൾ സംയുക്തമായി നടത്തുന്ന ഉത്സവം ഓരോ ദേശക്കാരുടെയും ആവേശമായി മാറി. രണ്ട് ദിവസമായി തുടരുന്ന മഴ ഉത്സവപ്രേമികളിൽ നിരാശ പടർത്തിയിരുന്നു. ചാറ്റൽ മഴയും മുടി ക്കെട്ടിയ അന്തരീക്ഷവും എഴുന്നള്ളത്തിന് ചെറിയ തോതിൽ മങ്ങലേൽപിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ ദേശക്കാർ വാദ്യ മേളങ്ങൾക്കൊപ്പം ചുവടുവച്ച് കാണികളിലും ആവേശമുയർത്തി. മംഗലംഡാം, കല്ലാനക്കര, പറശ്ശേരി, ദേശക്കാരുടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും, കല്ലാനക്കര ദേശത്തിന്റെ കുതിരയും, പന്നിക്കുളമ്പ് ദേശത്തിന്റെ കതിരും തണ്ടും കുടയും, കൂടാതെ ചെണ്ടമേളങ്ങളും, ശിങ്കാരിമേളവും, പറവാദ്യവും, ബാൻഡ് മേളവും തുടങ്ങി ഒട്ടേറെ കലാരൂപങ്ങളുമായുള്ള എഴുന്നള്ളത്ത് ഉത്സവത്തെ വർണാഭമാക്കി. മംഗലംഡാം, കല്ലാനക്കര, ഒടുകൂർ ദേശങ്ങൾ ഒരുമിച്ച് ഒടുകൂർ ശിവൻ കോവിലിൽ നിന്ന് പുറപ്പെട്ട് ഇടയ്ക്ക് പന്നിക്കുളമ്പ് ദേശവും കൂടി ചേർന്ന് മംഗലംഡാം ടൗണിൽ എത്തി. ഈ സമയം പറശ്ശേരി ദേശവും ടൗണിൽ എത്തിച്ചേർന്നു. ഇതോടെ എല്ലാ ദേശക്കാരും മംഗലംഡാം ടൗണിൽ സംഗമിച്ച് മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. ക്ഷേത്രത്തിലെ പൂജാ കർമങ്ങൾക്ക് നെല്ലിക്കലിടം ക്ഷേത്ര പരിപാലന സമിതി നേതൃത്വം നൽകി. ക്ഷേത്രാങ്കണത്തിൽ പഞ്ചാരിമേളവും അന്നദാനവും നടന്നു.

Similar News
കമ്മാന്തറ വേല ആഘോഷിച്ചു.
ഭക്തിയുടെയും, വാദ്യമേളത്തിന്റെയും നിറവിൽ അയിലൂർ വേല ആഘോഷിച്ചു.
കണ്ണമ്പ്ര വേലക്ക് കൂറയിട്ടു.