നെല്ലിയാമ്പതി : പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയിൽ സീതാർകുണ്ടിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദ്ദാർന്റെ ഭാര്യ സാംബയാണ് (20 വയസ് ) യാത്രാമധ്യേ ആൺ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ്, നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സായ സുദിന സുരേന്ദ്രനെ വിവരം അറിയിച്ചു. JPHN അവരെ ഉടനെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരാൻ നിർദ്ദേശിക്കുകയും, അപ്പോൾതന്നെ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും ഗൈനക്കോളജിസ്റ്റുമായ ഡോ. ലക്ഷ്മിയുമായി ഫോണിൽ ബന്ധപെടുകയും, ഡോക്ടറുടെ നിർദ്ദേശ പ്രകാരം സുദിനയും നഴ്സിംഗ് അസിസ്റ്റൻ്റ് ജാനകിയും ആശുപത്രിയിൽ പ്രസവം എടുക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കി. അർദ്ധ രാത്രിയിൽ 108 ന്റെ സേവനം ലഭിക്കാത്തതിനെ തുടർന്ന് പോബ്സ് എസ്റ്റേറ്റ് ജീപ്പിൽ, പോബ്സ് ഡിസ്‌പെൻസറി ഫർമസിസ്റ് മിഥ്ലാജ്, ഡ്രൈവർ സാബു എന്നിവരുടെ സഹായത്തോടെ സാമ്പയും ഭർത്താവും ജീപ്പിൽ കൈകാട്ടി ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ ദുർഘടം പിടിച്ച യാത്രയിൽ ആശുപത്രിയിൽ എത്തും മുന്നേ (12.05am) ജീപ്പിൽ തന്നെ യുവതി ആൺ കുഞ്ഞിന് ജൻമം നൽകി. സുരക്ഷിതരായി കൈകാട്ടി ആരോഗ്യ കേന്ദ്രത്തിൽ എത്തിയ സാമ്പയുടെയും കുഞ്ഞിൻ്റെയും പൊക്കിൾക്കൊടി ബന്ധം മുറിക്കാനായി ക്ലാമ്പുകളും ബാക്കി സജ്ജീകരണങ്ങളുമായി JPHN സുദിനയും നഴ്സിംഗ് അസിസ്റ്റൻ്റ് ജാനകിയും, ഡോക്ടർ ലക്ഷ്മിയുടെ നിർദ്ദേശപ്രകാരം തയ്യാറായി നിന്നു. പരിശോധനയിൽ യുവതിയുടെ ആരോഗ്യനില മോശമാണെന്നും ജീപ്പിൽ നിന്ന് മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്ന് മനസിലാക്കി, ഡോക്ടറുടെ നിർദ്ദേശ പ്രകാരം ജീപ്പിൽ വച്ച് തന്നെ പൊക്കിൾക്കൊടി മുറിക്കുകയും, മറ്റ് പ്രാഥമിക പരിചരണങ്ങളും നൽകി. തുടർന്ന് അമ്മയെയും കുഞ്ഞിനെയും നെൻമാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കാനായി കൈകാട്ടിയിൽ നിന്നും സുദിനയും, ജാനകിയും അവരോടൊപ്പം ജീപ്പിൽ പുറപ്പെട്ടു .കൈകാട്ടി ആശുപത്രിയിൽ നിന്ന് പുറപ്പെട്ട്, കുറച്ച് കഴിഞ്ഞപ്പോൾ യാത്രാമദ്ധ്യേ കൊമ്പൻ ആന ജീപ്പ് തടഞ്ഞു. അവിടെ നിന്നും മുന്നോട്ട് പോകുവാൻ പറ്റാത്ത അവസ്ഥ ഉണ്ടായതിനെ തുടർന്നു, നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്‌പെക്ടർ ആരോഗ്യം ജോയ്‌സൺ ഡെപ്യൂട്ടി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ജയേന്ദ്രനെ ബന്ധപെടുകയും തുടർന്ന് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ എത്തുകയും ചെയ്തു. അതെ സമയം ഹെൽത്ത് ഇൻസ്‌പെക്ടർ പാടഗിരി പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചിരുന്നു. ഫോറെസ്റ്റ് ഓഫീസർ മാരുടെ ഒപ്പം പോയ ജീപ്പ്ന് മുന്നിൽ ഏകദേശം 2 മണിക്കൂർ കൊമ്പൻ റോഡിൽ തന്നെ നില ഉറപ്പിച്ചു. ഈ സമയമത്രയും ഡോക്ടർ ഫോണിലൂടെ നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. കൊമ്പൻ ജീപ്പിന് മുന്നിൽ വരുന്നത് കണ്ട് വണ്ടി പുറകോട്ട് എടുത്തപ്പോൾ ചെന്ന് പെട്ടത് കാട്ടു പോത്തിന്റെ കൂട്ടത്തിന് അരികിൽ ആയിരുന്നു. ഫോറെസ്റ്റ് ഉദോഗസ്ഥരുടെ സഹായത്തോടെ അവർ ആന പോവുന്നത് വരെ കാത്ത് നിന്നു. ആന കാട് കയറിയതും അമ്മയെയും കുഞ്ഞിനെയും CHC നെന്മാറയിലേക്ക് മാറ്റാൻ സാധിച്ചു. അവിടെ നെല്ലിയാമ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ ലക്ഷ്മിയും, നെമ്മാറ ആശുപത്രിയിലെ ജീവനക്കാരും, ഡ്യൂട്ടി ഡോക്ടറും അമ്മയ്ക്കും കുഞ്ഞിനും വേണ്ട മറ്റ് പരിചരണങ്ങൾ ഉറപ്പുവരുത്തി. അതിനുശേഷം വിദഗ്ദ പരിശോധനയും പരിചരണത്തിനുമായി ഇരുവരേയും പാലക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് റഫർ ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ക്രിസ്തുമസ് രാത്രിയിൽ, കൊടും തണുപ്പിൽ, വന്യ മൃഗങ്ങൾക്ക് നടുവിൽ, ഏറെ തടസങ്ങൾക്ക് ഇടയിൽ ഉണ്ണി യേശുവിനെ നേരിൽ കണ്ട പ്രതീതി ആയിരുന്നുവെന്ന് JPHN സുധിനയും നഴ്സിംഗ് അസിസ്റ്റൻഡ് ജാനകിയും അഭിപ്രായപെട്ടു.ഫോട്ടോ : നെമ്മാറ ആശുപത്രിയിൽ എത്തിയ പോബ്സ് എസ്റ്റേറ്റ് ഫർമസിസ്റ് മിഥ്ലാജ്, നവജാത ശിശുവുമായി ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സുദിന സുരേന്ദ്രൻ, നഴ്സിംഗ് അസിസ്റ്റന്റ് ജാനകി, സാമ്പാ സർദാർ എന്നിവരെ നെല്ലിയാമ്പതി ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ലക്ഷ്മി സന്ദർശിക്കുന്നു.

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.