പൊന്തക്കാട്ടിനുള്ളിൽ ഒരു ബസ്സ് സ്റ്റോപ്പ്‌ ; പാമ്പിനെ ഭയന്ന് യാത്രക്കാർ

വടക്കഞ്ചേരി : പാമ്പിനെ ഭയന്ന് ബസ്സ് കാത്തു നിൽക്കേണ്ട അവസ്ഥയിലാണ് മംഗലം പമ്പിനു സമീപമുള്ള ബസ്സ് വെയ്റ്റിങ് ഷെഡ്‌ഡിലെത്തുന്ന യാത്രക്കാർ. ഇവിടെ ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരു ഭാഗത്തും ഒരാൾ പൊക്കത്തിലാണ് പൊന്തക്കാടുകൾ വളർന്നു നിൽക്കുന്നത്. ഇവിടെ പലപ്പോഴും പാമ്പുകളെ കാണാറുണ്ടെന്ന് യാത്രക്കാർ പറഞ്ഞു. രാവിലെയും വൈകിട്ടും വിദ്യാർത്ഥികളും സ്ത്രീകളുമായി നിരവധി പേർ ആശ്രയിക്കുന്ന പ്രധാന ബസ്സ് സ്റ്റോപ്പാണിത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും ഇവിടുത്തെ പൊന്തക്കാട് വെട്ടിത്തെളിക്കണമെന്ന യാത്രക്കാരുടെ ആവശ്യം അധികൃതർ ഇതുവരെ പരിഗണിച്ചിട്ടില്ല. ഒരു അത്യാഹിതം ഉണ്ടാകുന്നതിനു മുൻപ് ബസ്സ് വെയ്റ്റിങ് ഷെഡ്ഡ് സുരക്ഷിതമാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.