വടക്കഞ്ചേരി മേൽപ്പാലത്തിൽ കുത്തിപ്പൊളിക്കൽ തുടരുന്നു

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിലെ ജോയിന്റുകൾ ഇടയ്ക്കിടെ കുത്തിപ്പൊളിച്ച് നന്നാക്കുന്നുണ്ടെങ്കിലും ചാട്ടം തുടരുന്നു. മിക്ക ജോയിന്റുകളിലും വാഹനങ്ങൾ ശക്തിയായി ചാടിയാണ് കടന്നുപോകുന്നത്. ജോയിന്റുകളിൽ തകരാറുണ്ടെന്ന് നോക്കിയാൽ മനസ്സിലാകാത്തതിനാൽ വാഹനങ്ങൾ വേഗത കുറയ്ക്കാറില്ല. അപ്രതീക്ഷിതമായി വാഹനം ചാടുമ്പോൾ നിയന്ത്രണം തെറ്റുന്ന സ്ഥിതിയുമുണ്ട്. ജോയിന്റുകളിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടുള്ള ഇരുമ്പുപാളികൾ ഇളകുമ്പോഴാണ് ചാട്ടം അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ തൃശ്ശൂർ ദിശയിലേക്കുള്ള പാലത്തിൽ രണ്ടിടങ്ങളിൽ കുത്തിപ്പൊളിച്ച് നന്നാക്കി. കോൺക്രീറ്റ് ചെയ്തത് ഉറയ്ക്കുന്നതിനായി ഈ ഭാഗത്ത് ഗതാഗതം ഒറ്റവരിയാക്കിയിരിക്കയാണ്. ഇരുദിശകളിലേക്കുമായി 36 ജോയിന്റുകളാണ് മേൽപ്പാലത്തിലുള്ളത്. 2021-ൽ ഗതാഗതത്തിനായി തുറന്നശേഷം 75 തവണയെങ്കിലും കുത്തിപ്പൊളിച്ച് നന്നാക്കിയിട്ടുണ്ട്. നിർമാണത്തിലെ അപാകമാണ് ജോയിന്റുകൾ അതിവേഗം തകരാനിടയാക്കുന്നതെന്നാണ് ആരോപണം. ഇടയ്ക്കിടെ മേൽപ്പാലത്തിലെ ജോയിന്റുകൾ തകരാറിലാകുന്നതിനാൽ വിദഗ്ധ പരിശോധന വേണമെന്ന ആവശ്യമുയർന്നിട്ടുണ്ടെങ്കിലും നടപടികളുണ്ടായിട്ടില്ല.