പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവർ ഇനി ഒ.പി. ടിക്കറ്റെടുക്കാൻ വരിനിന്ന് മുഷിയേണ്ട. വീട്ടിലിരുന്ന് മൊബൈൽഫോണോ, ലാപ് ടോപ്പോ ഉപയോഗിച്ച് ഓൺലൈനായി ഒ.പി. ടിക്കറ്റെടുക്കാം. ജില്ലാ ആശുപത്രി ഇ- ഹെൽത്തിലേക്ക് മാറിയതിന്റെ ഭാഗമായിട്ടാണിത്.
ഇ-ഹെൽത്ത് വെബ്സൈറ്റിൽ പ്രവേശിച്ച് സ്ഥിര യു.എച്ച്.എ.ഡിയും പാസ്‌വേഡും നൽകിയാൽ ജില്ലാ ആശുപത്രി എന്ന ഓപ്ഷൻ സെലക്‌ട് ചെയ്‌ത് ചികിത്സവേണ്ട വിഭാഗവും അനുയോജ്യമായ സമയവും തിരഞ്ഞെടുക്കാം. ഇതിനായി ഏകീകൃത തിരിച്ചറിയൽ കാർഡ് വേണം.
ഡിസംബർ ആദ്യവാരമാണ് ജില്ലാ ആശുപത്രി ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറിയതെങ്കിലും ഒ.പി. ടിക്കറ്റ് ഓൺലൈൻ ബുക്കിങ് സൗകര്യമൊരുക്കിയത് രണ്ട് ദിവസം മുമ്പാണ്. ആദ്യദിനം നാലുപേരും രണ്ടാംദിനം ഒമ്പതുപേരുമാണ് ഓൺലൈനായി ഒ.പി. ടിക്കറ്റെടുത്തത്. ഇ- ഹെൽത്ത് വെബ്സൈറ്റിൽ പേരുള്ള ജില്ലയിലെ സർക്കാർ ആശുപത്രികളിലെല്ലാം ഓൺലൈൻ ബുക്കിങ് നടത്താം. പാലക്കാട് ഗവ. മെഡിക്കൽ കോളേജും ജില്ലാ ആശുപത്രിയുമടക്കം ജില്ലയിലെ 46 ആരോഗ്യകേന്ദ്രങ്ങളിലാണ് ഇപ്പോൾ ഈ സംവിധാനമുള്ളത്.
ചികിത്സയ്ക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് (യുണീക്ക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ കാർഡ്- യു.എച്ച്.ഐ.ഡി.) നിർബന്ധമാണ്. യു.എച്ച്.ഐ.ഡി. കാർഡെടുത്ത് നൽകുന്നതിനായി ജില്ലാ ആശുപത്രിയിൽ പ്രത്യേക കൗണ്ടറുണ്ട്. ഇതുവരെ 7,200 പേരാണ് ജില്ലാ ആശുപത്രിയിൽനിന്ന് കാർഡെടുത്തത്. ആധാർ കാർഡും ഇതുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും സഹിതം എത്തിയാൽ രജിസ്റ്റർ ചെയ്യാം. യു.എച്ച്.ഐ.ഡി. പ്ലാസ്റ്റിക് കാർഡ് രൂപത്തിലാക്കി ജില്ലാ ആശുപത്രിയിൽനിന്ന് നൽകുന്നുണ്ട്. ഇതിനായി 30 രൂപ നൽകണം.
Similar News
വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടമായെങ്കിലും ജീവനക്കാരില്ല, ഫോൺ നമ്പറും നിലവിലില്ല.
നെന്മാറ-കേളി സാംസ്കാരിക വേദി ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു.
മാതൃകാ പരമായ പ്രവർത്തനം കാഴ്ചവെച്ച ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു.