വടക്കഞ്ചേരി: പച്ചക്കറിച്ചന്ത എന്നുകേള്‍ക്കുമ്പോള്‍ നമ്മള്‍ കരുതുക നിരവധി കച്ചവടക്കാർ നിറയെ സാധനങ്ങളുമായി വില്‍പ്പന നടത്തുന്ന സ്ഥലം എന്നൊക്കെയാകും.
എന്നാല്‍ മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ മുടപ്പല്ലൂരിനടുത്ത് പന്തപറമ്പില്‍ പാതയോരത്ത് ഏറെ വ്യത്യസ്തമായ ഒരു ചന്ത നടക്കുന്നുണ്ട്. ആഴ്ചകളില്‍ വ്യാഴാഴ്ച മാത്രമേ ഈ ചന്തയുടെ പ്രവർത്തനമുള്ളു. വില്‍പ്പനക്കാരനായി ഒരാള്‍ മാത്രം. എന്നാല്‍ പച്ചക്കറി വാങ്ങാൻ എത്തുന്നത് ഒരു വലിയ ചന്തയില്‍ എത്തുന്നത്ര ആളുകളും.
വാങ്ങാൻ എത്തുന്നവരെ നിയന്ത്രിക്കാൻ കച്ചവടക്കാരൻ പാടുപ്പെടണം. പത്തു രൂപക്കു മുതല്‍ ഒരു കവർ നിറയെ പച്ചക്കറി കിട്ടും. ത്രാസോ മറ്റു അളവു തൂക്ക ഉപകരണങ്ങളോ ഇവിടെയില്ല. കൂട്ടിയിട്ടിരിക്കുന്ന പച്ചക്കറിയില്‍ നിന്നും വാരിക്കോരി കൊടുക്കുകയാണ്. വ്യാഴാഴ്ച ദിവസം അതിരാവിലെ ചന്ത തുടങ്ങും.
പ്രദേശത്തെ ആളുകളെല്ലാം പച്ചക്കറി വാങ്ങാൻ പിന്നെ പ്രവാഹമാണ്. കച്ചവടക്കാരന് ചുറ്റും ആളുകള്‍ നിറയും. നാലഞ്ചു മണിക്കൂർ കച്ചവടക്കാരന് വിശ്രമമില്ല. ഭൂരിഭാഗവും വീട്ടമ്മമാർ.
കൊണ്ടുവന്ന സാധനങ്ങളെല്ലാം ഉച്ചയോടെ കഴിയും. അതോടെ ചന്ത അവസാനിക്കും. ഫ്രഷ് പച്ചക്കറികളുമായിട്ടാണ് കച്ചവടക്കാരൻ എത്തുന്നത്. ഇയാള്‍ വരാൻ വൈകിയാല്‍ അമ്മമാർക്ക് ടെൻഷൻ കൂടും.കാരണം ഒരാഴ്ചത്തെ പച്ചക്കറികളെല്ലാം കുറഞ്ഞ തുകക്ക് വാങ്ങി സൂക്ഷിക്കാമെന്നതാണ് അമ്മമാർ കാണുന്ന ലാഭം. വരവ് പച്ചക്കറികളാണ് വില്പനയ്ക്ക് കൊണ്ടുവരുന്നതില്‍ കൂടുതലും. വഴിയോര ചന്തയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാൻ എത്തുന്നവരുടെ തിരക്ക് കണ്ട് മറ്റു പലരും ഇവിടെ തന്നെ ഇത്തരം കച്ചവടം തുടങ്ങിയെങ്കിലും അതൊന്നും അത്ര വിജയിച്ചില്ലത്രെ. സ്വർണം തൂക്കുന്നപോലെ പച്ചക്കറി തൂക്കിയാല്‍ ആരും തിരിഞ്ഞു നോക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഒരു പച്ചക്കറിയില്‍ നിന്നുള്ള നഷ്ടം മറ്റു പച്ചക്കറികളിലൂടെ അഡ്ജസ്റ്റ് ചെയ്ത് വലിയ ലാഭമില്ലാതെ ബിസിനസ് നടത്തികൊണ്ടു പോകാമെന്നാണ് കച്ചവടക്കാരനും ലക്ഷ്യംവയ്ക്കുന്നത്. വഴിവാണിഭ ചന്ത പൊടിപൊടിക്കുമ്ബോള്‍ സമീപത്തെ സ്ഥിരം കച്ചവടക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.