വടക്കഞ്ചേരി : വന്യമൃഗങ്ങൾ നാടിറങ്ങി വരുത്തുന്ന നാശനക്ഷ്ടങ്ങൾക്ക് പുറമേ മലയോര മേഖലകുരങ്ങന്മാര്‍ക്ക് മുന്നില്‍ തോല്‍ക്കുകയാണ്.കാട്ടാനയും കാട്ടുപന്നിയും ഇപ്പോൾ വാർത്ത പോലും അല്ലാതായി വടക്കഞ്ചേരിയുടെ മലയോര മേഖലയിൽ. ഒടുവിൽ മലയോര ഹൈവേയായ കോരഞ്ചിറ – പന്തലാമ്പാടം റൂട്ടിൽ കരടിയിളയിൽ പുലിയുമെത്തി. മലയണ്ണാനും മയിലും കാർഷിക മേഖലയിൽ നാശം വിതക്കുന്നുണ്ട്. ഇപ്പോൾ കുരങ്ങന്മാരുടെ വലിയ സംഘമാണ് ഗ്രാമങ്ങളിൽ വിലസുന്നത്. നാടും നഗരവും ഭേദമില്ലാതെ മലയോര മേഖലയില്‍ വാനരശല്യം രൂക്ഷമാണ്. വലിയ തോതിലുള്ള കാട്ടുപന്നിശല്യത്തെ തുടർന്ന് വീട്ടുവളപ്പിന് മതിലും വലയും കെട്ടി പ്രതിരോധിക്കുമ്പോഴാണ് വാനരപ്പടക്ക് മുന്നില്‍ നാട് തോറ്റു നിൽക്കുന്നത്. സംഘംചേർന്നെത്തുന്ന കുരങ്ങന്മാർ തെങ്ങ്, വാഴ തുടങ്ങി പപ്പായ മരം വരെ താറുമാറാക്കുമ്പോൾ നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് ജനം. ഇവയെ വിരട്ടിയോടിക്കാനും സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തെങ്ങില്‍നിന്ന് കുലകുലയായി ഇളനീർ പറിച്ച് വെള്ളം കുടിച്ചശേഷം തൊണ്ട് പുരപ്പുറങ്ങളിലേക്കും മറ്റും വലിച്ചെറിയുകയാണ്. ഇതോടെ ഓടിട്ട വീടുകള്‍ തകർന്നുള്ള നാശനഷ്ടം വേറെയുമുണ്ട്. വീട്ടാവശ്യത്തിനുള്ള തേങ്ങ പോലും വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. മേല്‍ക്കൂരയിലെ ഓട് നീക്കി വീടിനകത്ത് അകത്ത് കടന്ന് ഭക്ഷണ സാധനങ്ങള്‍ അപ്പാടെ അടിച്ചുമാറ്റുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. വീട്ടുപകരണങ്ങള്‍ നശിപ്പിക്കുന്നതും ഇവയുടെ വിനോദമാണ്. മുപ്പതും നാല്‍പ്പതും കുരങ്ങന്മാർ അടങ്ങുന്ന സംഘത്തില്‍ കുട്ടികളുമുണ്ട്. മലകളിൽ താവളമുറപ്പിച്ചിരുന്ന കുരങ്ങന്മാർ കൂട്ടത്തോടെ ഗ്രാമങ്ങളിലെത്തി കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുന്നു. കഴുകി അയയിലിട്ട തുണി വരെ എടുത്തുകൊണ്ടുപോയി നശിപ്പിക്കും. വടിയോ കല്ലോ എടുത്തു എറിഞ്ഞോടിക്കാൻ ശ്രമിച്ചാൽ ഇവ ചീറിക്കൊണ്ട് വരുമെന്നാണ് നാട്ടുകാർ പറയുന്നത്. ഓല പടക്കം പൊട്ടിച്ചാൽ ആദ്യമൊക്കെ ഭയമുണ്ടായിരുന്നെങ്കിലും ഇപ്പോൾ മാറി മരക്കൊമ്പിലിരുന്ന് വീണ്ടും തിരിച്ചു വരും. കിഴക്കഞ്ചേരി, മംഗലംഡാം മലയോര കാർഷിക മേഖലയിലെ വാനരശല്യത്തിന് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. വനം വകുപ്പിനും പടക്കം പൊട്ടിക്കുക എന്നല്ലാതെ മറ്റൊന്നും നിർദ്ദേശിക്കാനുമില്ല.

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.