✍🏻ബെന്നി വർഗീസ്
വടക്കഞ്ചേരി: കതിരായ നെല്‍പ്പാടങ്ങളിൽ മയിലും, കിളികളും വിളവെടുക്കാനെത്തുന്നത് കർഷകരെ വലക്കുന്നു. മയിലുകളും, കിളികളും കൂട്ടത്തോടെയെത്തി നെൽക്കതിരുകൾ കൊത്തിത്തിന്ന് നശിപ്പിക്കുകയാണ്.
കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടിയ കർഷകർ പതിനെട്ടടവും പയറ്റിയാണ്
നെൽകൃഷി സംരക്ഷിക്കുന്നത്. രാത്രി കാവലിരുന്നും, പടക്കം പൊട്ടിച്ചും, നെല്‍പ്പാടങ്ങളെ സാരിയുടുപ്പിച്ചും, നെറ്റ് കെട്ടിയും സംരക്ഷണം തീര്‍ക്കാൻ ശ്രമിച്ച കര്‍ഷകര്‍ ഇപ്പോൾ വയലുകളിൽ വെള്ള തുണികളും, ഷർട്ടുകളും തൂക്കി കിളികളേയും മയിലിനേയും അകറ്റാൻ ശ്രമിക്കുകയാണ്.
പണ്ടത്തെ വി എച്ച് എസ് വീഡിയോ കാസറ്റിന്റെ ടെപ്പ് വയലുകളിൽ ഉടനീളം വലിച്ചു കെട്ടി കിളികളെ ഭയപ്പെടുത്തുകയാണ് മറ്റൊരു തന്ത്രം. മുമ്പൊക്കെ വനാതിർത്തികളിലെ കരപ്പാടങ്ങളില്‍ മാത്രമാണ് പന്നി, മയിൽ ശല്യമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വനാതിർത്തി വിട്ട് ആളുകള്‍ തിങ്ങിപ്പാർക്കുന്ന ടൗണ്‍ പ്രദേശങ്ങളിലും കാട്ടുമൃഗങ്ങളുടെയും മയിലിന്റെയും
ശല്യം രൂക്ഷമായി.
കൃഷിയെ രക്ഷിച്ചെടുക്കാൻ പെടാപ്പാടു പെടണം. ദേശാടനകൊക്കുകളുടെ വലിയപടയും കർഷകരെ ദ്രോഹിക്കാൻ പാടങ്ങളില്‍ എത്തുന്നുണ്ട്. ഇത്തരത്തില്‍ ചുറ്റും ടെപ്പും വെള്ള തുണിയും കെട്ടിയാല്‍ പക്ഷി, മയില്‍ എന്നിവയുടെ ശല്യത്തിന് കുറവുണ്ടെന്നാണ് കർഷകർ പറയുന്നത്.
നെല്‍കർഷകരുടെ കാര്യം മഹാകഷ്ടം തന്നെയാണ്. കൃഷിയിറക്കി അതില്‍ നിന്നും വിളവെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാനാവില്ല.അത്രയേറെ നഷ്ടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞതാണ് പാടത്ത് കൃഷിയിറക്കി പരിപാലിച്ച് വളർത്തി കൊയ്ത് നെല്ല് വിറ്റ് വില കിട്ടുന്നതു വരെയുള്ള വിവിധ ഘട്ടങ്ങള്‍. ഇതെല്ലാം തരണംചെയ്ത് കൃഷി ചെയ്യുന്ന കർഷകരെ ഒടുവില്‍ പരിഹസിക്കുന്ന മട്ടിലാണ് സർക്കാർ നിലപാടുകളും. വിളവും വിപണനവുമെല്ലാം ലോട്ടറിപോലെയാണ്. കിട്ടിയാല്‍ കിട്ടി.
മുൻ വർഷങ്ങളെ അപേക്ഷിച്ചു നെല്‍കൃഷി ഉള്‍പ്പെടെ കൃഷികളെല്ലാം ഇല്ലാതാകുന്ന സാഹചര്യമാണെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. പരമ്പരാഗത കർഷർ നിലം തരിശിടുന്നത് അഭിമാനക്ഷതമായി കാണുന്നത് കൊണ്ട് കുറച്ചെങ്കിലും കൃഷിയിടങ്ങൾ അവശേഷിക്കുന്നു എന്നതാണ് യാഥാർഥ്യം.
Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.