മലയോര മേഖലയിൽ വാറ്റു ചാരായം യഥേഷ്ടം, സഞ്ചരിക്കുന്ന ബാറുകൾ സജീവം; വിദേശി മുതൽ വ്യാജൻ വരെ സുലഭം.

✍🏻ബെന്നി വർഗീസ്
വടക്കഞ്ചേരി: മലയോര മേഖലയിൽ
വാറ്റു ചാരായം യഥേഷ്ടം. ഇരുപത്തി നാല് മണിക്കൂറും വിളിച്ചാൽ വിളിപ്പുറത്തു മദ്യം. കുപ്പിയായി വാങ്ങാൻ പണമില്ലെങ്കിൽ ‘വര’ യായും (പെഗ്ഗ് ) ലഭ്യമാണ്. അടുത്ത കാലത്തായിട്ടാണ് രഹസ്യമായി വാറ്റുന്ന നാടൻ ചാരായവും സുലഭമായത്.

മലയോര മേഖലകളായ കൊന്നക്കൽ കടവ്, കോരഞ്ചിറ,വാൽക്കുളമ്പ്, കണച്ചിപരുത, കോട്ടേക്കുളം, അമ്പിട്ടൻതരിശ്, എരുക്കുംചിറ, പൊക്കലം എന്നിവിടങ്ങളിലെല്ലാം ഇപ്പോൾ ഇരുപത്തി നാല് മണിക്കൂറും നാടനും, വിദേശിയുമായി മദ്യം ഒഴുകുകയാണ്.

മാസങ്ങൾക്ക് മുൻപ് വരെ ഈ മേഖല അടക്കി വാണിരുന്ന ഒരു മദ്യ വ്യാപാരി നിരവധി തവണ എക്സ്സൈസ് പിടിയിലാവുകയും ഒന്നിലധികം ടു വീലറുകൾ കേസിൽ പെട്ട് നഷ്ടപ്പെടുകയും ചെയ്തപ്പോൾ മദ്യകച്ചവടം നിർത്തിയതോടെ നിരവധി പേരാണ് സ്വയം തൊഴിലായി മദ്യ കച്ചവടം തുടങ്ങിയത്. മുൻപ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ വ്യാജ ചാരായവുമുണ്ട്.

സൈലന്റ് പാർട്ണർ ആയി ഫൈനാൻസ് നൽകാൻ പരസ്യമായി മദ്യത്തിനെതിരെ സംസാരിക്കുന്ന ബ്രോക്കർ പണിയുള്ള ഒരു ചിട്ടി തട്ടിപ്പുകാരനാണെന്ന് നാട്ടുകാർ അടക്കം പറയുന്നു. പാലക്കുഴി മലയുടെ അടിവാരത്താണ് ചാരായം വാറ്റെന്നും ഇതിന്റെ ഹോൾ സെയിൽ വില്പന കൊട്ടടിയിൽ മുൻപ് വാടകക്ക് താമസിച്ചിരുന്ന ഒരു മദ്യ കച്ചവടക്കാരനാണെന്നും പറയപ്പെടുന്നു. ഇയാൾക്ക് ബിവറേജ് മദ്യത്തിന്റെയും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും കച്ചവടവുമുണ്ട്.

വാൽക്കുളമ്പ് ഭാഗത്ത്‌ സ്വകാര്യ ബാങ്കിൽ ജോലിയുള്ള ഒരു വനിത വരെ കച്ചവടത്തിലുണ്ട്. കൊട്ടേക്കുളത്ത് സഞ്ചരിക്കുന്ന ബാറുമായി ഒരു കുടുംബം തന്നെ രംഗത്തുണ്ട്. ഗ്രാമങ്ങളിൽ ജനങ്ങളുടെ സ്വൈര്യജീവിതം തന്നെ തകർക്കുന്ന ഈ സമാന്തര മദ്യ ലോബിയെ നിയന്ത്രിക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.