വെള്ളമില്ല കൃഷി ഉപേക്ഷിച്ചു കണ്ണമ്പ്ര കാരപ്പൊറ്റയിലെ കർഷകർ.

വടക്കഞ്ചേരി: മംഗലംഡാം കനാലിൽ നിന്ന് വെള്ളം എത്താത്തതിനാൽ കണ്ണമ്പ്ര കാരപ്പൊറ്റയിലെ കർഷകർ കൃഷി ഉപേക്ഷിച്ചു. ആറു വർഷമായി ഇവിടെ 24 ഹെക്ടർ കൃഷിഭൂമിയാണ് തരിശായി കിടക്കുന്നത്. മംഗലംഡാം കനാലിൽ നിന്നുള്ള വെള്ളം ആശ്രയിച്ചുള്ള കൃഷി പരീക്ഷണമായ തോടെ കണ്ണമ്പ്ര കാരപ്പൊറ്റ മേഖലയിൽ
പത്തുവർഷം മുമ്പ് 70 ഹെക്ടറോളം കൃഷിയുണ്ടായിരുന്നത് 46 ഹെക്ടറായി കുറഞ്ഞെന്ന് പാടശേഖരസമിതി സെക്രട്ടറി എൻ. ശിവരാജൻ പറഞ്ഞു.

കൃഷി ഉപേക്ഷിച്ചതിനെത്തുടർന്ന് പാടങ്ങൾ കാടുമൂടിക്കി ടക്കുന്നതിനാൽ സമീപത്ത് നെൽക്കൃഷിചെയ്യുന്ന പാടങ്ങളിൽ കാട്ടുപന്നിശല്യവും, ചാഴിശല്യവും രൂക്ഷമായതായി കർഷകർ പറയുന്നു. നെൽ കൃഷി നിലനിർത്തുന്നതിനായി കണ്ണമ്പ്ര തോട്ടുപാലം വഴി കടന്നുപോകുന്ന മംഗലംഡാം കനാലിൽ നിന്ന് കാരപ്പൊറ്റ ഭാഗത്തേക്ക് വെള്ളമെത്തിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ആറുവർഷമായി ജലസേചന വകുപ്പധികൃതരോടും കൃഷിവകുപ്പ് അധികൃതരോടും കർഷകർ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥർ
ഇടയ്ക്കിടെ സ്ഥലത്തെത്തി പരിശോധന നടത്തി പോകുന്നതല്ലാതെ തുടർനടപടികളുണ്ടായിട്ടില്ല. തോട്ടുപാലത്തുനിന്ന് കാരപ്പൊറ്റയിലേക്ക് കനാലിൽ നിന്ന് വെള്ളമെത്തിക്കുന്നതിനുള്ള ചാലു നിർമാണത്തിനായി വലിയ തുക വേണ്ടിവരും. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പദ്ധതി ഉടൻ നടപ്പാക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

വെള്ളം ലഭിക്കാത്തതിനുപുറമേ നെല്ലിന് താങ്ങുവില സമയത്തിന് കിട്ടാത്തതും പല ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നതും കൃഷി ചെയ്യാൻ മടിക്കുന്നതിന് കാരണമാകുന്നുണ്ട്. തോട്ടുപാലത്തുകൂടി കടന്നുപോകുന്ന കനാലിൽ നിന്ന് കാരപ്പൊറ്റയിലേക്ക് വെള്ള മെത്തിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടെന്നും തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും പി.പി. സുമോദ് എം.എൽ.എ. പറഞ്ഞു.