പദ്ധതികള്‍ക്ക് വനംവകുപ്പിന്റെ അനുമതിയില്ല, വികസനം വഴിമുട്ടി നെല്ലിയാമ്പതി.

നെല്ലിയാമ്പതി: വനംവകുപ്പിന്റെ അനുമതിയില്‍ കുരുങ്ങി പഞ്ചായത്തിന്റെ വികസന പദ്ധതികള്‍. പഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ പദ്ധതികളാണ് വനംവകുപ്പിന്റെ നിരാക്ഷേപ പത്രം ലഭിക്കാത്തതിനാല്‍ ആരംഭിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ച 78 പദ്ധതികളാണ് വനംവകുപ്പിന്റെ നിരാക്ഷേപപത്രം ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ 2024 ഒക്‌ടോബറില്‍ നെല്ലിയാമ്പതി റേഞ്ച് ഓഫീസർക്ക് കത്തുനല്‍കിയത്.

അംഗീകാരം ലഭിച്ച പദ്ധതികളിലായി 2.64 കോടി രൂപയുടെ പ്രവർത്തികളാണ് അനുമതി വൈകുന്നതോടെ സാമ്പത്തികവർഷം പൂർത്തിയാകുന്നതിന് മുൻപ് നടപ്പിലാക്കാൻ കഴിയാതെവരുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതർ പറയുന്നു. വനമേഖലയില്‍ ഉള്‍പ്പെട്ട പ്രദേശമായതിനാല്‍ ഗ്രാമപഞ്ചായത്തിന്റെ അപേക്ഷയില്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച്‌ പരിശോധന നടത്തി മാത്രമേ നിരാക്ഷേപപത്രം നല്‍കാൻ കഴിയൂവെന്നാണ് വനംവകുപ്പധികൃതർ പറയുന്നത്.

ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ പാടികളില്‍ അഴുക്കുചാല്‍ നിർമ്മാണം, പാത കോണ്‍ക്രീറ്റ്, പൊതു കക്കൂസുകളുടെ അറ്റകുറ്റപ്പണി, കിണർ നിർമ്മാണം, മാലിന്യസംഭരണ കേന്ദ്രം നിർമ്മാണം, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, വിവിധ കുടിവെള്ള പദ്ധതികള്‍, ബസ് കാത്തുനില്‍പ്പുകേന്ദ്രം നവീകരണം, തടയണകളില്‍ ആഴം കൂട്ടല്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് പഞ്ചായത്ത് വനംവകുപ്പിന്റെ നിരാക്ഷേപപത്രം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചത്.

വനംവകുപ്പിന്റെ നിരാക്ഷേപപത്രം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സഹനാഥൻ 16 മുതല്‍ അനിശ്ചിതകാല രാപകല്‍ സമരം നടത്തും. നെന്മാറ വനംഡിവിഷൻ ഓഫീസിനുമുന്നിലാണ് സമരം നടത്തുക. പാടികളിലും, പട്ടയഭൂമിയിലും ഉള്‍പ്പെടെ താമസിക്കുന്നവർക്ക് വീട് അറ്റകുറ്റപ്പണി നടത്തുന്നതിന് പദ്ധതികള്‍ നടപ്പിലാക്കിയിട്ടും വനംവകുപ്പിന്റെ അനാവശ്യ ഇടപെടലുകള്‍മൂലം ധനസഹായം അനുവദിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അധികൃതർ പറയുന്നു.