തെന്മലയോരത്തെ കാട്ടുമൃഗശല്യം, സൗരോർജ തൂക്കുവേലി പണിയും.

നെന്മാറ: കാട്ടുമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാനും, ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങുന്നത് തടയാനും തെന്മലയോരത്ത് സൗരോർജ തൂക്കുവേലിയുടെ നിർമാണം തുടങ്ങി. എലവഞ്ചേരിയിലെ പന്നിക്കോൽ മുതൽ നെന്മാറയിലെ എലന്തിക്കൊളുമ്പുവരെയാണ് വേലി നിർമിക്കുന്നത്.

10 കിലോമീറ്റർ ദൂരത്തിൽ 80 ലക്ഷംരൂപ ചെലവിട്ടാണ് വേലി നിർമാണമെന്ന് കൊല്ലങ്കോട് റേഞ്ച് ഓഫീസർ കെ. പ്രമോദ് പറഞ്ഞു. വേലിക്ക് 12 അടി ഉയരമുണ്ടാകും. രണ്ടരയടി ആഴമുള്ള കുഴികളെടുത്തിടുന്ന ചെറു കോൺക്രീറ്റ് തൂണുകൾക്ക് മുകളിൽ വലിയതൂണുകൾ സ്ഥാപിച്ച് കമ്പികളിടുന്നതാണ് വേലി. 20 ദിവസത്തിനകം പണി പൂർത്തിയാക്കും.

കഴിഞ്ഞവർഷം കാവളച്ചിറയിൽ നിന്ന് പന്നിക്കോൽവരെ രണ്ടരക്കിലോമീറ്റർ തൂക്കുവേലി സ്ഥാപിച്ചിരുന്നു. തെന്മലയോരത്ത് 46 കിലോമീറ്റർ തൂക്കുവേലി നിർമിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നിർമാണം. നബാഡിന്റെ സാമ്പത്തികസഹായത്തോടെയാണ് വേലി നിർമിക്കുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

നെന്മാറ, അയിലൂർ പഞ്ചായത്തുകളിൽ 20 കിലോമീറ്റർ തൂക്കുവേലിനിർമിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.