ആലത്തൂർ പോലീസ് സ്റ്റേഷനിൽ വേറിട്ട വിവാഹ വാർഷിക ദിനാഘോഷം

ആലത്തൂർ : പൊലീസ് സ്‌റ്റേഷനിൽ നിന്നു ചെണ്ടമേളം ഉയർന്നുകേട്ടപ്പോൾ പാതയോരത്തെ കടക്കാരും വഴിപോക്കരും ആദ്യം അമ്പരന്നു. പിന്നീട് വിവരം അറിഞ്ഞപ്പോൾ അമ്പരപ്പു കൗതുകമായി. അതോടെ കാഴ്ചക്കാരുമേറി. എസ്ഐ എം.ഒ.നൈറ്റിന്റെ 25-ാം വിവാഹവാർഷികം ‌സ്റ്റേഷനിൽ സഹപ്രവർത്തകർ ആഘോഷമാക്കിയതായിരുന്നു. ഭാര്യയും മകനും അമ്മയും ഉൾപ്പെടെയുള്ള കുടുംബത്തെ പുഷ്പമാലയണിയിച്ച് ബൊക്കെ നൽകി സ്‌റ്റേഷനു മുന്നിൽ നിന്നു വാദ്യമേളത്തോടെയാണു വരവേറ്റത്. സ്‌റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ മുഴുവൻ ഗേറ്റിനു മുന്നിൽ സ്വീകരിക്കാൻ എത്തിയിരുന്നു.കേക്ക് മുറിച്ചാണ് ചടങ്ങ് ആരംഭിച്ചത്. സ്‌റ്റേഷൻ ഹൗസ് ഓഫിസർ ടി.എൻ.ഉണ്ണിക്കൃഷ്ണൻ, എസ്ഐ വിവേക് നാരായണൻ എന്നിവർ ആശംസ അറിയിച്ചു.‌സ്റ്റേഷനിലെ മെസ്സിൽ നിന്നു പായസം അടക്കമുള്ള സദ്യയും നൽകി. ആലത്തൂർ പൊലീസ് സ്റ്റേഷനു രാജ്യത്തെ മികച്ച അഞ്ചാമത്തെ സ്‌റ്റേഷൻ എന്ന ബഹുമതി ലഭിച്ചപ്പോൾ അമ്മ ത്രേസ്യ, ഭാര്യ സൻസി, മകൻ ആൽ‌റ്റർ എന്നിവർ ‌സ്റ്റേഷൻ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ആ ആഗ്രഹം സാധിക്കുന്നതിനു വേണ്ടിയാണ് തൃശൂർ അരിമ്പൂർ സ്വദേശികളായ ഇവർ ഇന്നലെ എത്തിയത്. ദിവസത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞ സഹപ്രവർത്തകരാണ് അത് വേറിട്ട അനുഭവമാക്കിയത്.