വെള്ളപ്പാറക്കുന്ന് വനത്തിൽ തീപ്പിടിത്തം.

ആലത്തൂർ: കാവശ്ശേരി എരകുളം വെള്ളപ്പാറക്കുന്ന് വനത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12-ന് തീപ്പിടിത്തമുണ്ടായി. അഞ്ചേക്കറോളം ഭാഗത്ത് തീ പടർന്നു. അടിക്കാടും ചെറുമരങ്ങളും കത്തിനശിച്ചു. ആലത്തൂർ അഗ്നിരക്ഷാസേനയും, വനപാലകരും ഒരു മണിക്കൂറോളം പ്രയത്നിച്ച് തീയണച്ചു.

ചൂടും പുകയും മൂലം കാവശ്ശേരി- കഴനി ചുങ്കം-എരകുളം-തെന്നിലാപുരം പാതയിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വനത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിലെ വൈദ്യുതിബന്ധം മുൻകരുതലെന്ന നിലയിൽ പാടൂർ കെ.എസ്.ഇ.ബി. അധികാരികൾ വിച്ഛേദിച്ചതിനാൽ പ്രദേശത്ത് വൈദ്യുതി മുടങ്ങി.