അനുമതിയുടെ മറവില്‍കിഴക്കഞ്ചേരിയില്‍ വ്യാപകമായ മണ്ണെടുപ്പ്.

ബെന്നി വര്‍ഗീസ്
കിഴക്കഞ്ചേരി: മണ്ണെടുക്കുന്നതിന് ലഭിച്ച അനുമതിയുടെ മറവില്‍ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വ്യാപമായി മണ്ണെടുക്കുന്നതായി പരാതി. കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ വാല്‍ക്കുളമ്പ് തട്ടാന്‍കുളമ്പിലാണ് കുന്നിടിച്ച് മണ്ണെടുക്കുന്നത്. വീട് നിര്‍മിക്കുന്നതിനായി കുന്നിന്റെ ഒരു വശം ഇടിച്ചെടുക്കുന്നതിന് ജിയോളജി വകുപ്പില്‍ നിന്ന് ലഭിച്ച അനുമതിയുടെ മറവിലാണ് വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നത്.

മലയോര പ്രദേശമായതിനാല്‍ തന്നെ മണ്ണെടുക്കുന്നത് പരിസ്ഥിതി ആഘാതത്തിന് കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കിഴക്കഞ്ചേരി വില്ലേജില്‍ ഉള്‍പ്പെട്ടെ തട്ടാന്‍കുളമ്പിലെ 30 സെന്റ് ഭൂമിയിലാണ് മണ്ണെടുക്കുന്നതിന് സ്വകാര്യ വ്യക്തിയ്ക്ക് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ ഭൂമിയ്ക്ക് പുറമെ ഏക്കറോളം സ്ഥലത്താണ് കുന്നിടിച്ച് മണ്ണെുക്കുന്നത്.

പകലും, രാത്രിയുമായി നിരവധി ലോഡ് മണ്ണാണ് ഈ ഭാഗത്ത് നിന്ന് കയറ്റിവിടുന്നത്. ഒരു യൂണിറ്റിന് ദൂരത്തിന് അനുസരിച്ച് 1000 മുതല്‍ 1500 രൂപവരെയാണ് ഈടാക്കുന്നത്. കൂടാതെ രാത്രികാലങ്ങളില്‍ തൊട്ടടുത്ത പ്രദേശങ്ങളിലും മണ്ണെടുക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

പരിസ്ഥിതി ലോല മേഖല കൂടിയായ ഈ ഭാഗത്ത് അനധികൃതമായും, അനുമതിയില്‍ കൂടുതല്‍ ഭാഗത്തും മണ്ണെടുക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
മണ്ണുമായി ലോറികള്‍ പോകുന്നത് ഗ്രാമീണ റോഡുകളുടെ തകര്‍ച്ചയ്ക്കും കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

അനധികൃത മണ്ണെുപ്പ് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആലത്തൂര്‍ തഹസില്‍ ദാറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് മണ്ണെടുപ്പ് നിര്‍ത്തിവെയ്ക്കുന്നതിന് കിഴക്കഞ്ചേരി വില്ലേജ് ഓഫീസര്‍ ഹണി ഭൂ ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് വകവെയ്ക്കാതെയാണ് രാത്രിയില്‍ ഉള്‍പ്പെടെ മണ്ണെടുപ്പ് നടക്കുന്നത്. മണ്ണെടുപ്പ് സംബന്ധിച്ച് റവന്യൂ വകുപ്പ് ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

മണ്ണെടുപ്പ് അടിയന്തിരമായി നിര്‍ത്തണമെന്നും, അനധികൃതമായി എടുത്ത മണ്ണിന് പിഴ ഈടാക്കണമെന്നും ആവശ്യപ്പെട്ട് വാല്‍ക്കുളമ്പ് സ്വദേശി ചാക്കോ ജോര്‍ജ്ജ് ജിയോളജി വകുപ്പിലും, ജില്ല കളക്ടര്‍ക്കും പരാതി നല്‍കി.