നെന്മാറ നെടുങ്ങോട് ആതനാട് മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.

നെന്മാറ: ആതനാട് കുന്നിൻ ചെരുവില്‍ പൊന്മല, നെടുങ്ങോട് പാടശേഖരങ്ങളിലാണ് കാട്ടാനയിറങ്ങി നെല്ല്, തെങ്ങ്, വാഴ എന്നിവ വ്യാപകമായി തിന്നും ചവിട്ടിനടന്നും നശിപ്പിച്ചത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നെന്മാറ വല്ലങ്ങി മേഖലയിലെ കൃഷിയിടങ്ങളില്‍ വീണ്ടും കാട്ടാന എത്തുന്നത്. വല്ലങ്ങി നെടുങ്ങോടു ഭാഗത്തുള്ള നെല്‍പ്പാടങ്ങളിലാണ് കാട്ടാന വ്യാപകമായി നെല്‍കൃഷി നശിപ്പിച്ചത്.

കർഷകനായ രവീന്ദ്രന്‍റെ നെല്‍പ്പാടത്തും അജിയുടെ തെങ്ങ്, വാഴ എന്നിവയുമാണ് നശിപ്പിച്ചത്. നെല്‍പ്പാടങ്ങള്‍ക്ക് നടുവിലൂടെയും വരമ്ബുകളിലൂടെയും നടന്നതിനാല്‍ നെല്‍കൃഷി നാശത്തിന് പുറമേ നെല്‍പ്പാടങ്ങളില്‍ സംഭരിച്ചുവെച്ച വെള്ളവും നഷ്ടപ്പെട്ടു.

കഴിഞ്ഞമാസം വനം ജീവനക്കാരുടെ നേതൃത്വത്തില്‍ കാട്ടാനയെ കാട്ടിലേക്ക് കയറ്റിയതിനുശേഷം കുറച്ചുദിവസമായി മേഖലയില്‍ ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കഴിച്ച ദിവസം ഇറങ്ങിയ കാട്ടാന വരുത്തിയ നാശം ശനിയാഴ്ച രാവിലെയാണ് കർഷകർ അറിയുന്നത്. വല്ലങ്ങി നെടുങ്ങോട് മേഖലയിലെ വീടുകള്‍ക്ക് സമീപംവരെ ആന എത്തി നാശം വരുത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കി.

രാത്രി ആതനാട് മലയുടെ താഴ്‌വാരത്തുള്ള കൃഷിയിടങ്ങളും വീട്ടുവളപ്പുകളും ആഴമുള്ള കനാലും റോഡും മുറിച്ചു കടന്നാണ് കാട്ടാന നെല്‍പ്പാടങ്ങളിലേക്ക് എത്തിയത്.

കണ്ണോട്, അള്ളിച്ചോട്, കൊടുവാള്‍ പാറ മേഖലയിലൂടെ കാട്ടാന ജനവാസമേഖലകളിലേക്ക് വരുന്നത് തടയാൻ വനം വകുപ്പ് പ്രഖ്യാപിച്ച വൈദ്യുതവേലി സ്ഥാപിക്കാനുള്ള നടപടികള്‍ ഇനിയും പൂർത്തിയായിട്ടില്ല. തുടർച്ചയായി നെന്മാറ, വല്ലങ്ങി പട്ടണങ്ങളോട് അടുത്തുള്ള ജനവാസ കാർഷിക മേഖലയില്‍ മാൻ, പന്നി എന്നിവയ്ക്ക് പുറമേ കാട്ടാനയും എത്തിയത് ഭീതിയോടെയാണ് പ്രദേശവാസികള്‍ കാണുന്നത്.