മംഗലംഡാമില്‍ കാട്ടാന ഇറങ്ങുന്നതു തടയാൻ നടപടി വേണം

മംഗലംഡാം : ജനവാസ മേഖലകളും കൃഷിയിടങ്ങളും കടന്ന് മംഗലംഡാം റിസർവോയറില്‍ കാട്ടാനകള്‍ എത്തുന്ന സാഹചര്യത്തില്‍ ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് മംഗലംഡാം ഫൊറോന സമിതി കരിങ്കയത്തുള്ള ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നിവേദനം നല്‍കി. ഓടംതോട് സിവിഎം കുന്നില്‍ ആനകള്‍ തമ്പടിക്കുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കും. മനുഷ്യജീവന് തന്നെ ഇതു വലിയ ഭീഷണിയാണ്. ചുറ്റും വീടുകളും തോട്ടങ്ങളില്‍ തൊഴിലാളികളുമുള്ള പ്രദേശമാണ്. ഫൊറോന പ്രസിഡന്‍റ് ബെന്നി ജോസഫ് മറ്റപ്പള്ളി, ട്രഷറർ തങ്കച്ചൻ കുന്നത്ത്പുരയിടം, ഓടംതോട് യൂണിറ്റ് സെക്രട്ടറി ഷിജോ പുളിക്കകുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സിറിയക് വാക്കണ്ടത്തില്‍, ജോസഫ് വട്ടുകുന്നേല്‍, മനോജ് വടക്കേല്‍, ജോസഫ് മണിയറക്കല്‍, ആദർശ് പുളിക്കകുന്നേല്‍, ജസ്റ്റിൻ പുളിപറമ്പില്‍, ജോഷി വരവുകാലായില്‍ എന്നിവരുള്‍പ്പെടുന്ന നാട്ടുകാരാണ് നിവേദനം നല്‍കിയത്.