സ്റ്റോപ്പ് മെമ്മോ നൽകി ഒരു വർഷത്തിനിപ്പുറം അൻപതടിയും കടന്ന് തുടരുന്ന ശങ്കരംകണ്ണംതോട്ടിലെ അനധികൃത പാറ പൊട്ടിക്കൽ

“ഒരു വർഷം മുൻപ് അനധികൃത പാറ പൊട്ടിക്കലിനു സ്റ്റോപ്പ് മെമ്മോ നൽകുകയും 75 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടും ഇവയൊന്നും വകവെക്കാതെ പാറ പൊട്ടിക്കൽ തുടരുകയാണ്. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ ശങ്കരംകണ്ണം തോടിനുസമീപം ആറുവരിപ്പാതാനിർമാണ കമ്പനിയുടെ കീഴിലുള്ള സ്ഥലത്താണ് സംഭവം. പിഴത്തുക ഗഡുക്കളായി അടയ്ക്കാൻ കരാർ കമ്പനി സാവകാശം ചോദിച്ചതല്ലാതെ ഇതുവരെ ഒന്നും അടച്ചിട്ടുമില്ല. അമ്പതടി താഴ്ചയും കടന്ന് പാറ പൊട്ടിക്കൽ തുടരുകയാണ്.ആഴത്തിലുള്ള പാറ പൊട്ടിക്കലിനെത്തുടർന്നു സമീപത്തുള്ള സെമിനാരിയും വീടുകളും ഭീഷണിയിലാണ്. ആറുവരിപ്പാത നിർമാണം കഴിഞ്ഞെങ്കിലും റോഡ് നിർമാണത്തിന്റെ പേരിലായിരുന്നു പാറ പൊട്ടിക്കൽ തുടങ്ങിയത്. പരാതി ഉയർന്നതിനെത്തുടർന്ന് 2023 ഒക്ടോബറിൽ റവന്യൂ അധികൃതരും ജിയോളജി വകുപ്പ് അധികൃതരും പരിശോധന നടത്തുകയും പ്രവർത്തനം അനധികൃതമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് സ്റ്റോപ്പ് മെമോ നൽകുകയും ചെയ്തു.വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. എന്നാൽ, കുറച്ചു നാളുകൾക്കുശേഷം പാറ പൊട്ടിക്കൽ പുനരാരംഭിക്കുകയായിരുന്നു. ശങ്കരംകണ്ണംതോട്ടിലെ അനധികൃത പാറ പൊട്ടിക്കൽ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നു ഭൂഖനനവകുപ്പ്‌ അധികൃതർ പറഞ്ഞു”