കൊയ്യാറായപ്പോൾ കൃഷിനശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം

കുറുവായ് പാടശേഖരത്തിൽ രണ്ടാംവിള കൊയ്ത്ത് അടുക്കാറായപ്പോൾ കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിക്കുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. കാട്ടുപന്നിക്കൂട്ടം പാടം കുത്തിയിളക്കുന്നതോടെ നെൽച്ചെടികൾ നശിക്കുകയാണെന്ന് കർഷകർ പറഞ്ഞു. വി. അപ്പുക്കുട്ടൻ, എം. ശിവകുമാർ, കെ. ശാന്തകുമാർ, ജിജി മാത്യു, ഉണ്ണിക്കണ്ണൻ, ജി. കൃഷ്ണൻ, കെ. കൃഷ്ണൻ, സ്വാമിനാഥൻ, ടി. മണി, പങ്ങി തുടങ്ങിയവരുടെ പാടത്ത് കാട്ടുപന്നിക്കൂട്ടം നെൽച്ചെടികൾ നശിപ്പിച്ചു. രാത്രി കാവലിരുന്നാണ് ഒരു പരിധിവരെ കാട്ടുപന്നിശല്യം നിയന്ത്രിക്കുന്നതെന്ന് കെ. ശാന്തകുമാർ പറഞ്ഞു. ശാശ്വത പരിഹാരത്തിനായി കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള നടപടികൾ വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.കാട്ടുപന്നിശല്യത്തിനു പുറമെ രൂക്ഷമായ ചാഴിശല്യത്തെത്തുടർന്ന് കുറുവായിയിൽ പാതിയോളം നെല്ല് പതിരായി. ചാഴിശല്യം നിയന്ത്രിക്കുന്നതിനായി വടക്കഞ്ചേരി കൃഷിഭവനിൽനിന്നുള്ള നിർദേശപ്രകാരം മരുന്ന് തളിച്ചിരുന്നെങ്കിലും പ്രതിരോധിക്കാനായില്ല. കഴിഞ്ഞ രണ്ടാംവിളക്കാലത്തും കുറുവായ് പാടശേഖരത്തിൽ ചാഴിശല്യത്തെത്തുടർന്ന് ഉത്പ്പാദനം പാതിയായി കുറഞ്ഞിരുന്നു.