വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വടക്കഞ്ചേരി മുതൽ നെന്മാറ വരെയുള്ള 15 കിലോമീറ്ററിനിടയിൽ കഴിഞ്ഞ ആറുമാസത്തിനിടെയുണ്ടായത് 23 അപകടങ്ങൾ. രണ്ടുപേർ മരിച്ചു.
തിങ്കളാഴ്ച രാത്രി ഏഴരയോടെ ബൈക്ക് മിനിലോറിയുമായി ഇടിച്ച് വിദ്യാർഥി മരിച്ച് അഞ്ചുമണിക്കൂർ പിന്നിടുമ്പോഴാണ് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചത്.
സംസ്ഥാനപാതയിലെ തുടർച്ചയായ അപകടങ്ങളെത്തുടർന്ന് യാത്ര അപകടഭീതിയിലാണ്. കരിപ്പാലി, പന്തപ്പറമ്പ്, കാത്താംപൊറ്റ, ചിറ്റിലഞ്ചേരി, ഗോമതി, ജപമാലപള്ളി എന്നിവിടങ്ങളിലെ വളവുകളിലാണ് ഏറ്റവുംകൂടുതൽ അപകടങ്ങളുണ്ടാകുന്നത്.
മോട്ടോർവാഹനവകുപ്പിന്റെ കണക്കനുസരിച്ച് ഒരോവർഷവും വാഹനങ്ങളുടെ എണ്ണത്തിൽ 10 ശതമാനം വർധനയുണ്ടാകുന്നുണ്ട്. ഇതിനസുരിച്ച് റോഡിന്റെ നിലവാരം ഉയരാത്തതും അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്.
മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത നാലുവരിപ്പാതയാക്കുന്നതിനായി പഠനം നടന്നതല്ലാതെ തുടർനടപടിയുണ്ടായിട്ടില്ല.
സംസ്ഥാനപാതയിലെ അപകടങ്ങളുടെ പ്രധാനകാരണം അമിതവേഗമാണെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ വിലയിരുത്തൽ. വേഗംപോകുന്ന വാഹനങ്ങൾ വളവുകളിലെത്തുമ്പോൾ നിയന്ത്രണംതെറ്റിയാണ് അപകടങ്ങളേറെയും ഉണ്ടാകുന്നത്. വളവുകളിൽ മതിയായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാക്രമീകരണമോ ഒരുക്കിയിട്ടില്ല.
പതിവ് അപകടകേന്ദ്രമായ കരിപ്പാലിവളവിൽ തെരുവുവിളക്കുമില്ല. ഭാരവാഹനങ്ങളുടെ ഓട്ടത്തെത്തുടർന്ന് റോഡിന്റെ നിരപ്പ് താഴ്ന്നിരിക്കുന്നതും അപകടത്തിനിടയാക്കുന്നുണ്ടെന്ന് മോട്ടോർവാഹനവകുപ്പ് കണ്ടെത്തിയിരുന്നു.
കരിപ്പാലിഭാഗത്തെ പാലത്തിന്റെ കൈവരി വാഹനമിടിച്ച് തകർന്നിട്ട് നാലു വർഷത്തോളമായെങ്കിലും നന്നാക്കിയിട്ടില്ല. കൈവരിതകർന്നഭാഗം കാടുകയറി മൂടിക്കിടക്കയാണ്.
റോഡിൽ പോലീസിന്റെയും, മോട്ടോർവാഹന വകുപ്പിന്റെയും വാഹനപരിശോധനയും കാര്യമായി നടക്കുന്നില്ല. ആലത്തൂർ ജോയിന്റ് ആർ.ടി.ഒ. ഓഫീസിൽ വാഹനം പോലുമില്ല. അത്യാവശ്യങ്ങൾക്കായി പാലക്കാട്ടുനിന്നാണ് വാഹനമെത്തിക്കുന്നത്.
Similar News
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.
വാണിയമ്പാറയിൽ കള്ള് വണ്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ കാൽനട യാത്രക്കാരായ രണ്ടുപേരും മരിച്ചു.