മംഗലംഡാം: മംഗലംഡാം-കടപ്പാറ റോഡില്‍ കടമപ്പുഴയില്‍ നിന്നും കടപ്പാറയിലേക്കുള്ള ഒരു കിലോമീറ്റർ വരുന്ന റോഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം നീളുന്നതു യാത്രക്കാർക്ക് ദുരിതമായി.
തകർന്ന റോഡ് നന്നാക്കാൻ ആരുമില്ലാത്ത സ്ഥിതിയാണിപ്പോള്‍. നടന്നുപോകാൻപോലും കഴിയാത്തവിധം റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലായി. രണ്ടുവർഷത്തിലേറെയായുള്ള റോഡിന്റെ സ്ഥിതിയാണിത്. റോഡ് തങ്ങളുടെതല്ലെന്നാണ് പഞ്ചായത്തും പൊതുമരാമത്തുവകുപ്പും പറയുന്നത്.
ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും കൈമലർത്തുന്നു. പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വർഷങ്ങളേറെ മുമ്ബാണ് പൊൻകണ്ടത്തുനിന്നും കടപ്പാറയിലേക്കുള്ള റോഡ് നിർമിച്ചത്. മംഗലംഡാമില്‍നിന്നും റോഡ് അളന്നപ്പോള്‍ കടപ്പാറയ്ക്കുമുമ്ബ് കടമപ്പുഴയിലെത്തിയപ്പോള് തങ്ങളുടെ റോഡിന്റെ ദൂരമായെന്നുപറഞ്ഞ് പൊതുമരാമത്ത് വകുപ്പ് ശേഷിച്ച റോഡ് ഏറ്റെടുക്കാൻ തയാറായില്ല.
ഇതേ തുടർന്ന് റോഡിന്റെ അറ്റകുറ്റപണികളും അവതാളത്തിലായി. റോഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചെറിയ ആശയ കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും പരിശോധിച്ച് ഉടൻ പ്രശ്നപരിഹാരമുണ്ടാക്കുമെന്നും വണ്ടാഴി പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടി നീളുന്നതിലാണ് പ്രതിഷേധമുയരുന്നത്.
റോഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്തുനല്‍കിയിട്ടുണ്ടെന്നാണ് ഒരുവർഷം മുമ്പ് പഞ്ചായത്ത് അധികൃതർ പറഞ്ഞത്. റോഡ് ഗതാഗതയോഗ്യമാക്കുന്ന കാര്യത്തില്‍ പഞ്ചായത്ത് മതിയായ താത്പര്യം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടുപോത്തും ആനയും പുലിയുമൊക്കെ വരുന്ന പ്രദേശത്താണ് റോഡ് തകർന്നുകിടക്കുന്നത്.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.