വധശിക്ഷ ഉറപ്പാക്കണമെന്ന് സുധാകരന്റെ മക്കൾ.

നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസിൽ റിമാൻഡിലായ പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയ്ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. ‘അച്ഛനെയും, അമ്മയെയും, അച്ഛമ്മയെയും കൊന്ന പ്രതി തൂക്കുകയറിലേറുംവരെ സമാധാനത്തോടെ ഞങ്ങൾക്ക് ഉറങ്ങാനാവില്ല’ അഖിലയും, അതുല്യയും പറഞ്ഞു.

ചെന്താമര പോലീസ് പിടിയിലായെന്ന് അറിഞ്ഞശേഷം അല്പം ആശ്വാസമുണ്ട്. എങ്കിലും സഹോദരിമാരുടെ ആശങ്കയൊഴിയുന്നില്ല. “ഞങ്ങൾക്ക് ആരുമില്ലാതാക്കിയത് അയാളാണ്. മൂന്ന് ജീവനുകളില്ലാതാക്കിയ അയാളെ കൊന്നാലേ ഞങ്ങളുടെ കുടുംബത്തിന് നീതികിട്ടൂ. പ്രതി പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യം നടത്തില്ലെന്നതിന് ഉറപ്പില്ല. നിയമവും ജയിലും ഇത്രയൊക്കെയേ ഉള്ളൂയെന്ന് പ്രതിക്ക് അറിഞ്ഞുകഴിഞ്ഞു. മനഃസാക്ഷിയില്ലാത്ത അയാളുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാവില്ലെന്നും തെളിഞ്ഞു. ജാമ്യംകിട്ടിയാൽ, ഇനിയും ഓരോജീവൻ നഷ്‌ടപ്പെടും” ഇരുവരും പറഞ്ഞു.

നെന്മാറ പോത്തുണ്ടിയിലെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച‌യാണ് അഖിലയെയും, അതുല്യയെയും ചിതലിയിലുള്ള അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തിച്ചത്. ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം കോളേജിലെ ബി.കോം. വിദ്യാർഥിയാണ് അഖില. അഞ്ചുകൊല്ലം മുമ്പ് അമ്മ സജിത കൊല്ലപ്പെട്ടശേഷം സജിതയുടെ മാതാപിതാക്കൾക്കൊപ്പം കുനിശ്ശേരിയിലാണ് അഖിലയുടെ താമസം. പാലക്കാട് കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ നഴ്സായ അതുല്യ വടക്കഞ്ചേരിയിൽ ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്.

അഖിലയെ നെന്മാറയിലെ വീട്ടിലേക്ക് തിരിച്ചയയ്ക്കാൻ പേടിയുണ്ടെന്ന് ചിതലിയിലുള്ള ബന്ധുക്കൾ പറഞ്ഞു. പഠനത്തിനും, ഉപജീവനത്തിനുമാണ് അഖിലയ്ക്ക് സഹായംവേണ്ടത്. സർക്കാർ ഇടപെട്ട് ജോലിയും തുടർപഠനത്തിനുള്ള സഹായവും നൽകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.