January 15, 2026

ആലത്തൂർ എസ്.എൻ. കോളേജിൽ വിദ്യാർഥി സംഘർഷം

ആലത്തൂർ :എസ്.എൻ. കോളേജിൽ വിദ്യാർഥിസംഘർഷം. മർദനമേറ്റ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റും എം.കോം. വിദ്യാർഥിയുമായ അഫ്‌സലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് അരുണിന്റെ നേതൃത്വത്തിൽ 15ഓളം പേർചേർന്ന് മർദിച്ചെന്നാണ് അഫ്‌സൽ ആലത്തൂർപോലീസിന് നൽകിയ മൊഴി. തിങ്കളാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്‌റ്റംബർ അഞ്ചിന് എസ്.എഫ്.ഐ. പ്രവർത്തകർ അഫ്‌സലിനെ ഫോണിൽ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.മണ്ണാർക്കാട്ട് കാലിക്കറ്റ് സർവകലാശാലാ എ സോൺ കലോത്സവനടത്തിപ്പിലെ പാകപ്പിഴകൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കെ.എസ്.യു. നേതാക്കൾ തങ്ങളെ ആക്രമിച്ചെന്നാണ് എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് കെ. അരുൺ, യൂണിയൻ ചെയർപേഴ്‌സൺ സ്‌നേഹ എന്നിവർ പോലീസിന് നൽകിയ പരാതി. കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് അഫ്‌സൽ, ആദർശ്, അബിൻ, വിഷ്ണു, രാഹുൽ എന്നിവരുൾപ്പെടുന്ന 10 അംഗ സംഘം മർദിച്ചെന്നാണ് മൊഴി.അരുണും സ്‌നേഹയും ആലത്തൂർ താലൂക്കാശുപത്രിയിൽ ചികിത്സതേടി. ഇരുവിഭാഗത്തിന്റെയും പരാതിയിൽ പോലീസ് കേസെടുത്തു.