കിഴക്കഞ്ചേരി : പാലക്കുഴിയില്‍ കാട്ടാനശല്യം രൂക്ഷമാകുമ്പോഴും യാതൊരു നടപടിയും സ്വീകരിക്കാതെ വനം വകുപ്പ് നോക്കുകുത്തിയായി മാറുന്നതിനെതിരെ മലയോരങ്ങളില്‍ പ്രതിഷേധം ശക്തമായി. സ്ഥിരമായി ആന ഇറങ്ങി വിളകള്‍ നശിപ്പിക്കുന്ന സ്ഥിതിയാണിപ്പോള്‍. കഴിഞ്ഞ രാത്രികളിലെല്ലാം പിസിഎം ഭാഗത്ത് ആനയിറങ്ങി നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചു. ചെപ്പനത്ത് സജി, സന്തോഷ്, ബിജു, കാരയ്ക്കല്‍ ത്രേസ്യാമ്മ, കുമ്പളന്താനം മാമച്ചൻ, പൂച്ചാക്കല്‍ അലക്സ് തുടങ്ങിയവരുടെ തോട്ടങ്ങളില്‍ ആനകളെത്തി വ്യാപകമായി വിളനാശം ഉണ്ടാക്കി. വാഴകളൊന്നും ബാക്കിവെക്കാതെയാണ് ചവിട്ടി നശിപ്പിക്കുന്നത്. കാരയ്ക്കല്‍ ത്രേസ്യാമ്മയുടെ വീട്ടുമുറ്റത്തു വരെ കാട്ടുകൊമ്പനെത്തി. വനാതിർത്തികളിലെ ഫെൻസിംഗിനു പുറമെ സ്വകാര്യ തോട്ടങ്ങളിലെ ഫെൻസിംഗും തകർത്താണ് ആനകള്‍ കൂട്ടമായി എത്തുന്നത്. സമീപത്തെ മരങ്ങള്‍ വേലിയിലേക്ക് തള്ളിയിട്ട് വേലി അപകടകരമല്ലെന്ന് ഉറപ്പു വരുത്തിയാണ് പീച്ചി കാട്ടിലെ ആനകളുടെ വരവ്. വലിയൊരു കൊമ്പനാനയും കൂട്ടത്തിലുണ്ടെന്ന് കർഷകർ പറയുന്നു. രാത്രി കാലങ്ങളില്‍ വിളകളും വീടും ജീവനും സംരക്ഷിക്കാൻ ഉറക്കം കളഞ്ഞ് കാവലിരിക്കുകയാണ് കർഷക കുടുംബങ്ങളെല്ലാം. തുടർച്ചയായ ദിവസങ്ങളില്‍ ആനകള്‍ ഇറങ്ങുമ്പോഴും പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിനു കീഴിലുള്ള ഒളകര ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നോ പ്രവർത്തന പരിധിയിലുള്ള ആലത്തൂരിലെ ഫോറസ്റ്റ് ഓഫീസില്‍ നിന്നോ ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. ആന പീച്ചി കാട്ടില്‍നിന്നാണെന്ന് പറഞ്ഞ് ആലത്തൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൈമലർത്തുമ്പോള്‍ ആനകള്‍ വിളനാശം ഉണ്ടാക്കുന്നത് ആലത്തൂർ റെയ്ഞ്ച് ഓഫീസിനു കീഴിലുള്ള പ്രദേശത്താണെന്ന് പറഞ്ഞ് പീച്ചി ഒളകര വനപാലകരും മാറി നില്‍ക്കുകയാണ്.

Similar News
കൃഷിയെല്ലാം കാട്ടാന ചവിട്ടിനശിപ്പിച്ചു.
മംഗലംഡാമിൽ കാട്ടാനയുടെ ആക്രമണത്തിൽ 2 അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു.
തൂക്കുവേലി പ്രവർത്തിക്കുന്നില്ല; നേർച്ചപ്പാറയിൽ വീണ്ടും കാട്ടാന.