ചൂട് വർദ്ധിച്ചതോടെ പഴം വിപണിയിലും വിലക്കയറ്റം.

വടക്കഞ്ചേരി: ജില്ലയിൽ ചൂട് വർദ്ധിച്ചതോടെ പഴം വിപണിയിൽ വിലക്കയറ്റം. നിലവിൽ പഴങ്ങളുടെ സീസൺ അല്ലാത്തതും വില വർദ്ധനവിന് കാരണമാണ്. ആപ്പിൾ, മുന്തിരി, തണ്ണിമത്തൻ, ഓറഞ്ച് എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ബാംഗളൂരു, തമിഴ്‌നാട്, മൈസൂർ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പഴങ്ങൾ എത്തുന്നത്.

അവിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതും വില വർദ്ധനവിന് കാരണമാണ്. ഒരു കിലോ മുന്തിരിയുടെ വിപണി വില 150 രൂപയാണ്. ഗുണമേന്മയ്ക്കനുസരിച്ച് വിലയിലും മാറ്റങ്ങളുണ്ട്. നേരത്തെ 100 രൂപയ്ക്ക് രണ്ടും മൂന്നും കിലോ ഓറഞ്ച് ലഭിച്ചിരുന്നെങ്കിലും നിലവിൽ ഒരു കിലോയ്ക്ക് 80 രൂപയായി.
വ്യത്യസ്ഥ ഇനം ആപ്പിളുകളും വിപണിയിലുണ്ട്.

യു.എസിൽ നിന്നുള്ള ആപ്പിളിന് 280 രൂപയാണ് വില. ന്യൂസിലാൻഡിൽ നിന്നുള്ളവയ്ക്ക് 260, ഇറ്റലിയിൽ നിന്നുള്ളതിന് 280 രൂപ നൽകണം. തുർക്കി, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവയ്ക്ക് യഥാക്രമം 240, 220 നൽകണം. വേനൽക്കാലത്ത് ആവശ്യക്കാർ കൂടുതലുള്ള തണ്ണിമത്തന് വില 25 ആണ്. വരും ദിവസങ്ങളിൽ കൂടുതൽ തണ്ണിമത്തൻ വിപണിയിലെത്തുമെന്ന് വടക്കഞ്ചേരി മേഖലയിലെ വ്യാപാരികൾ പറയുന്നു.

നേരത്തെ 30 രൂപയ്ക്ക് ലഭിച്ചിരുന്ന നേന്ത്രപ്പഴത്തിന്റെ വില 80ലെത്തി. നീലം മാമ്പഴമാണ് നിലവിൽ വിപണിയിൽ ലഭിക്കുന്നത്. ഇവയ്ക്ക് കിലോയ്ക്ക് 120 രൂപയാണ്. നേരത്തെ സിന്ദൂരം, മൂവാണ്ടൻ ഇനത്തിൽപ്പെട്ടവ ലഭിച്ചിരുന്നെങ്കിലും സീസൺ അവസാനിച്ചതോടെ അപ്രത്യക്ഷമായി.
കേരളത്തിലുള്ളവയ്ക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നേന്ത്രക്കുലകളും വിപണിയിലുണ്ട്.

വേനൽ കടുത്തതോടെ തണ്ണിമത്തന്റെ വരവ് കൂടിയിട്ടുണ്ട്.
നിലവിൽ കിലോയ്ക്ക് 25 രൂപയാണെങ്കിലും ചൂട് കടുക്കുന്നതോടെ വിലയിലും വർദ്ധനവുണ്ടാകുമെന്ന് വടക്കഞ്ചേരിയിലെ വ്യാപാരികൾ പറയുന്നു. കർണാടക, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്.