വീഴുമല ജലവിതരണ പദ്ധതി ഇനി മിനറല്‍ വാട്ടര്‍ പ്ലാന്റ്.

ആലത്തൂർ: വീഴുമല സ്വാമി ദുരൈഡാം ജലവിതരണ പദ്ധതി ഇനി മിനറല്‍ വാട്ടർ ബോട്ട്‌ലിംഗ് പ്ലാന്റാകും. പ്ലാന്റ് തുടങ്ങുന്നതിനായി സംസ്ഥാന ബഡ്ജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 19 പട്ടികജാതി കോളനികളില്‍ ശുദ്ധജലമെത്തിക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതിയുടെ ഉറവിടമായിരുന്നു ഈ ഡാം. 1.80 കോടി രൂപ ചെലവഴിച്ച്‌ ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയിരുന്നു.

ആലത്തൂർ പെരുങ്കുളം പി. ആർ. സ്വാമി അയ്യർ പഞ്ചായത്തിനു 15 വർഷം മുമ്പ് സൗജന്യമായി നല്‍കിയതാണ് ഡാമും, ചുറ്റുമുള്ള നാലേക്കർ സ്ഥലവും. പഞ്ചായത്ത് ഏറ്റെടുത്തതിനു ശേഷം ഡാമിലെ മണ്ണും, ചെളിയും നീക്കം ചെയ്യുന്നതിനും, ബലപ്പെടുത്തുന്നതിനും ഉള്ള പണി പൂർത്തിയാക്കിയെങ്കിലും ഡാമിലെ ചോർച്ച അവസാനിപ്പിക്കാൻ കഴിഞ്ഞില്ല.

മേഖലയില്‍ കൂടുതല്‍ കുഴല്‍ക്കിണർ നിർമിച്ച്‌ കോളനികളില്‍ ജലവിതരണം അതു വഴി നടത്താൻ തുടങ്ങിയതോടെ ഈ പദ്ധതിയില്‍ നിന്നു ജലവിതരണം നടത്തേണ്ടി വന്നില്ല. ഇതോടെ പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണം അനിശ്ചിതാവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഡാം ഉറവിടമാക്കി മിനറല്‍ വാട്ടർ ബോട്ലിംഗ് പ്ലാന്റ് തുടങ്ങാൻ തീരുമാനമായത്.

പി. ആർ. സ്വാമി അയ്യർ വീഴുമലയിലെയും പരിസരത്തുമുള്ള തന്റെ കൃഷിയിടങ്ങള്‍ക്ക് ജലസേചനത്തിനു വേണ്ടിയാണ് ഡാം നിർമിച്ചത്. വീഴുമലയില്‍ പെയ്യുന്ന മഴവെള്ളം ഡാമില്‍ സംഭരിച്ചു കൊണ്ടായിരുന്നു അദ്ദേഹം കൃഷിക്ക് ജലസേചനം നടത്തിയിരുന്നത്. ഈ വെള്ളം പ്രയോജനപ്പെടുത്തിയാണ് പ്ലാന്റ് ആരംഭിക്കുന്നത്.

ഡാമില്‍ നിന്ന് ലഭിക്കുന്ന ജലം ശുദ്ധീകരിച്ചാണ് ബോട്ട്‌ലിംഗ് പ്ലാന്റില്‍ എത്തിക്കുന്നത്. വ്യവസായ വകുപ്പിന്റേതാണ് സംരംഭം. കുടുംബശ്രീക്കാണ് നിർവഹണ ചുമതല. പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ കൂടുതല്‍ വനിതകള്‍ക്ക് ജോലി നല്‍കാൻ കഴിയുമെന്ന് കെ. ഡി. പ്രസേനൻ എം. എല്‍. എ. പറഞ്ഞു.