വീഴുമലയില്‍ പുലിയുടെ സാന്നിധ്യമെന്നു സംശയം.

ആലത്തൂർ: വീഴുമലയുടെ പുതിയങ്കം എഴുത്തൻകാട് പ്രദേശത്തുനിന്നും മേയാൻവിട്ട ആടുകളില്‍ ഒന്നിനെ കാണാതായി. മറ്റൊരാടിന്‍റെ കഴുത്തില്‍ കടിയേറ്റ് രക്തംവാർന്ന നിലയിലും കണ്ടെത്തി.

പുതിയങ്കം എഴുത്തൻകാട് രാജന്‍റെ ആടുകളില്‍ ഒന്നിനെയാണ് ഇന്നലെ വൈകുന്നേരം നാലരയോടെ കാണാതായത്. ആടുകളെ മലയിലേക്ക് മേയ്ക്കാനായി കൊണ്ടുപോയ രാജൻ വെള്ളം കുടിക്കാനായി വീട്ടിലേക്ക് മടങ്ങിയ സമയത്താണ് സംഭവം.

മറ്റു ആടുകള്‍ തിരിച്ചെത്തുകയും ചെയ്തു. അപ്പോഴാണ് ആടുകളിലൊന്നിനെ കാണാതായതും മറ്റൊന്നിന്‍റെ കഴുത്തില്‍ മുറിവേറ്റ നിലയിലും കണ്ടതു ശ്രദ്ധിച്ചതെന്ന് രാജൻ പറഞ്ഞു. മൃഗഡോക്ടർ പരിശോധിച്ചതില്‍ ഏതുമൃഗമാണ് ആക്രമിച്ചതെന്നു വ്യക്തത ലഭിച്ചില്ല. പുലിയോ മറ്റു മൃഗങ്ങളാണോയെന്നു വനംവകുപ്പാണ് സ്ഥിരീകരണം നല്‍കേണ്ടതെന്നും അധികൃതർ അറിയിച്ചു.

വനംവകുപ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് അറിയിച്ചതായും തഹസില്‍ദാർ കെ. ശരവണൻ പറഞ്ഞു. നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചും വനംവകുപ്പിന്‍റെ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കിയും തങ്ങളുടെ ഭയാശങ്കകള്‍ ദൂരീകരിക്കണന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ആലത്തൂർ തഹസില്‍ദാർ കെ. ശരവണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രജനി ബാബു, ആലത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് എ. ഷൈനി, വൈസ് പ്രസിഡന്‍റ് ചന്ദ്രൻ പരുവയ്ക്കല്‍, ആലത്തൂർ വില്ലേജ് ഓഫീസർ ആർ. ഷീജ, വനംവകുപ്പുദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.