കാട്ടാനയും കാട്ടുതേനീച്ചയും ; പാലക്കുഴിയില്‍ സമരത്തിനൊരുങ്ങി കര്‍ഷകര്‍

കിഴക്കഞ്ചേരി : പാലക്കുഴി പിസിആർ പ്രദേശത്ത് കാട്ടാനയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ രാത്രിയും വ്യാപകവിളനാശമുണ്ടാക്കി. വാഴയും തെങ്ങും തൈകളും കുരുമുളക്, കമുക് ചെടികളും വ്യാപകമായി നശിപ്പിച്ചു. മാസങ്ങളായി കാട്ടാനയുടെ ആക്രമണം തുടർന്നിട്ടും അധികൃതർ നടപടി എടുക്കാത്തത് കർഷകരെ പ്രകോപിപ്പിക്കുന്നുണ്ട്. പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് കർഷകരും കർഷകസംഘടനകളും തീരുമാനിച്ചിട്ടുള്ളത്. ഫെൻസിംഗില്‍ കയറിയ കാടുകള്‍ വെട്ടിതെളിച്ച്‌ ഫെൻസിംഗ് പ്രവർത്തനക്ഷമമാക്കുന്നതിന് യാതൊരു നടപടിയും വനംവകുപ്പും പഞ്ചായത്ത് അധികൃതരും സ്വീകരിച്ചിട്ടില്ലെന്നാണ് കർഷകർ പരാതിപ്പെടുന്നത്. ഫെൻസിംഗുള്ള പ്രദേശങ്ങളില്‍ തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച്‌ സമയബന്ധിതമായി കാട് തെളിക്കണമെന്നാണ് ആവശ്യം. പഞ്ചായത്തിന്‍റെ ജാഗ്രതാസമിതി ഉണ്ടെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളൊന്നും ഈ പ്രദേശത്ത് നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് തുക നീക്കിവെക്കണമെന്ന് 2017ല്‍ തന്നെ തദ്ദേശവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി നിർദേശം നല്‍കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പഞ്ചായത്തുകളും ഈ നിലയില്‍ നടപടികള്‍ സ്വീകരിച്ചു വരികയോ വന്യമൃഗശല്യം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് ഫണ്ട് നീക്കിവെക്കുകയോ ചെയ്യുന്നില്ല. പാലക്കുഴിയില്‍ തന്നെ പിസിഎം ഭാഗത്ത് കാട്ടുതേനീച്ചയുടെ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. വഴിയാത്രക്കാരും തദ്ദേശവാസികളുമായ നിരവധി ആളുകള്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. പലരും ചികിത്സ തേടിയിട്ടുണ്ട്. കാട്ടാനകളെ തുരത്താൻ കൊല്ലങ്കോട് കേന്ദ്രീകരിച്ച്‌ ആർആർടി രൂപീകരിച്ചെങ്കിലും കാട്ടാനശല്യം രൂക്ഷമായ ആലത്തൂർ റേഞ്ചിന്‍റെ പരിധിയിലോ വന്യജീവി സങ്കേതമായ പീച്ചിയിലോ ആർആർടി സംഘങ്ങള്‍ ഇല്ലാത്തത് കാട്ടാനകളുടെ കാടിറക്കം വർധിക്കാൻ കാരണമാകുന്നുണ്ട്. നെന്മാറ ഡിഎഫ്‌ഒ ക്കു കീഴിലുള്ള കൊല്ലങ്കോടുള്ള ആർആർടി ടീമിനെ ആനകള്‍ സ്ഥിരമായി എത്തുന്ന പാലക്കുഴി, പനംകുറ്റി, കണച്ചിപ്പരുത പ്രദേശങ്ങളിലേക്ക് അടിയന്തരമായി നിയോഗിച്ച്‌ പീച്ചി വനംവകുപ്പുമായി ചേർന്ന് ആക്രമണകാരിയായ കൊമ്പനാനയെ ഉള്‍വനത്തിലേക്ക് തുരത്തി ഓടിക്കാൻ ഡിഎഫ്‌ഒ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പീച്ചി വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട തൃശൂർ ജില്ലയിലും പാലക്കാട് ജില്ലയിലും വനാതിർത്തി പങ്കിടുന്ന മുഴുവൻ ജനവാസകേന്ദ്രങ്ങളിലും കാട്ടാനശല്യം രൂക്ഷമാണെന്നിരിക്കെ പീച്ചി വൈല്‍ഡ് ലൈഫ് വാർഡന്‍റെ കീഴില്‍ ഇതുവരെയും ആർആർടി രൂപീകരിക്കാത്തത് പരിശോധിക്കണം. നിലവിലുള്ള ഫെൻസിംഗും തകര്‍ത്ത് ആനകള്‍ കൃഷിയിടങ്ങളിലെത്തുന്ന സാഹചര്യത്തില്‍ മേഖലയിലെ വനാതിർത്തികളില്‍ ഹാഗിംഗ് ഫെൻസിംഗ് നിർമിക്കുന്നതിനാവശ്യമായ ഫണ്ട് വനം വകുപ്പ് കണ്ടെത്തണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.