പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള നീക്കം മാറ്റിവച്ചു.

വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്നു മുതല്‍ 5 കിലോമീറ്ററിനപ്പുറമുള്ള പ്രദേശവാസികളില്‍ നിന്നും ടോള്‍പിരിക്കാനുള്ള ടോള്‍ കമ്പനിയുടെ നീക്കം മാറ്റിവച്ചു.

ടോള്‍ പിരിച്ചാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ടോള്‍പിരിവ് തത്കാലം മാറ്റിവച്ചിട്ടുള്ളത്. വിഷയത്തില്‍ ശാശ്വത പരിഹാരം കാണാൻ ഈ മാസം 28ന് മുമ്പ് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്ന് പി. പി. സുമോദ് എം. എല്‍. എ. അറിയിച്ചു.

6 മാസം മുമ്പ് എം. എല്‍. എ. യുടെ അധ്യക്ഷതയില്‍ നടന്ന സർവകക്ഷി യോഗ തീരുമാനത്തിന് വിരുദ്ധമായി ടോള്‍ കമ്പനി ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് ശക്തമായ പ്രതിഷേധത്തിനിടയാക്കിയത്.

ഇതിനെതിരേ ശനിയാഴ്ച രാവിലെ കോണ്‍ഗ്രസും, വൈകുന്നേരം ബിജെപിയും, ഇന്നലെ സംയുക്ത സമരസമിതിയും സമരം നടത്തിയിരുന്നു. ടോള്‍ വിഷയം സംബന്ധിച്ച്‌ ഈ മാസം അഞ്ചിന് വീണ്ടും ചർച്ച നടത്താമെന്നു എം. എല്‍. എ. പറഞ്ഞിരുന്നെങ്കിലും അതുണ്ടാകാത്തതാണ് ടോള്‍ പിരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോയതെന്നാണ് ടോള്‍ കമ്പനി പറയുന്നത്.

സർവകക്ഷി യോഗം ചേർന്ന് സമവായമുണ്ടാക്കി പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമമാണ് ഇനിയുണ്ടാവുക. അതേസമയം, ടോള്‍ പ്ലാസയില്‍ നിന്നും അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ടോള്‍ കമ്പനി ചാനല്‍ രൂപീകരിച്ച്‌ വാട്സാപ്പ് മെസേജുകള്‍ അയക്കുന്നുണ്ട്.

ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ വാഹന ഉടമകളെയാണ് ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.