പാലക്കുഴിയില്‍ കുരുമുളകിനൊപ്പം ഗ്രാമ്പു വിളവെടുപ്പും തുടങ്ങി

കിഴക്കഞ്ചേരി : മലമ്പ്രദേശമായ പാലക്കുഴിയില്‍ കുരുമുളക് വിളവെടുപ്പിനൊപ്പം ഗ്രാമ്പു വിളവെടുപ്പും തുടങ്ങി. മസാലകൂട്ടിലെ ഈ കറുത്ത പൂമൊട്ടിനെ ഇങ്ങനെ പച്ചകളറില്‍ പലരും കണ്ടിട്ടുണ്ടാകില്ല. എണ്ണിയാലൊടുങ്ങാത്ത പൂമൊട്ടുകളുടെ കൃഷിയാണിത്. മരങ്ങളില്‍ കുലകളായി ഉണ്ടാകുന്ന ഗ്രാമ്പു മുട്ടുകള്‍ പറിച്ചെടുക്കല്‍ ശ്രമകരമായ ജോലിയാണെങ്കിലും വിലയുള്ളതിനാല്‍ ഗ്രാമ്പു വിളവെടുപ്പും മലയോരത്ത് സജീവമാണ്. ഉണങ്ങിയ ഗ്രാമ്പുവിന് കിലോക്ക് 800 രൂപയാണ് ഇപ്പോഴത്തെ വില. ആയിരം വരെ ഉണ്ടായിരുന്ന വില വിയറ്റ്നാമില്‍ നിന്നുള്ള ഇറക്കുമതിയെ തുടർന്ന് വില കുറഞ്ഞെന്ന് പാലക്കുഴിയിലെ മലഞ്ചരക്ക് വ്യാപാരിയായ ചാർളി പറയുന്നു. ഉണങ്ങിയ പതിനഞ്ചായിരം മുട്ടെങ്കിലും വേണം ഒരു കിലോയാകാൻ. പച്ച കളർ മാറി കറുത്ത കളറാകണം വില്പനക്ക്. കൊച്ചിയാണ് ഗ്രാമ്പുവിന്‍റെ പ്രധാന വിപണി. മുട്ടു പറിച്ചെടുത്ത തണ്ടിനും വിലയുണ്ട്. പാലക്കുഴിയില്‍ പൊതുവേ ഉയരം കുറഞ്ഞ ഗ്രാമ്പു മരങ്ങളാണ്. ഇതിനാല്‍ കയറി പറിച്ചെടുക്കാൻ പ്രയാസമില്ല. പൂവാകും മുമ്പേ മുട്ടുകളെല്ലാം പറിച്ചെടുക്കണം. മുട്ടിന്‍റെ പച്ച കളർ വിട്ട് ചെറിയ സ്വർണ വർണ നിറമാകുന്ന പരുവത്തിലാണ് വിളവെടുപ്പ് നടത്തേണ്ടത്. കുലകളില്‍ നിന്നും മുട്ടുകള്‍ വേർതിരിച്ചെടുക്കലും ക്ഷമ പരീക്ഷിക്കുന്ന പണിയാണ്. കുലയിലെ മുട്ടുകള്‍ ഒന്നിച്ചുപിടിച്ച്‌ കൈവെള്ളയില്‍ ചെരിച്ച്‌ അമർത്തിയാല്‍ മുട്ടുകള്‍ താഴെ വീഴും.അങ്ങനെ മത്സരം വച്ച്‌ കുട്ടികള്‍ക്ക് രസകരമായി ചെയ്യാവുന്നതാണിത്. വലിയ അധ്വാന പണികള്‍ക്ക് പോകാൻ കഴിയാത്ത പ്രായമായവർക്കും ഈ പണി ചെയ്യാനാകും. ഉയർന്ന മലമ്പ്രദേശങ്ങളിലാണ് ഗ്രാമ്പു ചെടികള്‍ കൂടുതലും വളരുന്നത്. വലിയ പരിചരണമില്ലാതെ ഈ ചെടികള്‍ വളർന്ന് മരമാകും. പാലക്കുഴിയില്‍ മിക്കവാറും എല്ലാ തോട്ടങ്ങളിലുമുണ്ട് ഗ്രാമ്പു ചെടികള്‍.