ചുവട്ടുപാടത്ത് പ്ലാന്‍റിലേക്കെത്തിയ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു

വടക്കഞ്ചേരി : പൊത്തപ്പാറ -ചുവട്ടുപ്പാടം റോഡില്‍ പൊടി രൂക്ഷമായതിനെതുടർന്ന് കോണ്‍ക്രീറ്റ് പ്ലാന്‍റിലേക്കെത്തിയ വാഹനങ്ങള്‍ നാട്ടുകാർ തടഞ്ഞു. ചുവട്ടുപ്പാടത്തിനു സമീപമുള്ള ക്രഷർ, ദേശീയപാത നിർമാണത്തിനായി പ്രവർത്തിക്കുന്ന പിഎസ്ടി റെഡി മിക്സിംഗ് പ്ലാന്‍റ് എന്നിവയില്‍ നിന്നുള്ള പൊടിക്കു പുറമെ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്കൊപ്പം ഉയരുന്ന പൊടിയും അസഹ്യമായതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പകലും രാത്രിയും ഇവിടേക്ക് ഭാരവാഹനങ്ങള്‍ എത്തുന്നതു മൂലം പാതക്കിരുവശവും സമീപത്തുള്ള വീടുകള്‍ പൊടി മൂടിയ നിലയിലാണ്. പൊടിശല്യം മൂലം വീട്ടുകാര്‍ സ്ഥലം മാറിപോകേണ്ട അവസ്ഥയിലാണിപ്പോള്‍. കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ രോഗങ്ങളും വിട്ടുമാറാതായെന്ന് പ്രദേശവാസികള്‍ പറയുന്നു. വലിയ ഭാരംതാങ്ങാൻ ശേഷിയില്ലാത്ത റോഡിലൂടെ ടണ്‍ കണക്കിന് ഭാരമുള്ള ടോറസുകളാണ് പോകുന്നത്. ഇതിനാല്‍ റോഡും തകർന്നു. പലതവണ റോഡില്‍ വെള്ളം തളിച്ചു പൊടിശല്യം കുറയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും പൊള്ളുന്ന ചൂടില്‍ അതൊന്നും ഫലപ്രദമാകുന്നില്ല. പന്നിയങ്കരയിലെ ടോള്‍ ഒഴിവാക്കി പോകാനുള്ള റോഡു കൂടിയായതിനാല്‍ പൊത്തപ്പാറ വഴിയുള്ള ഈ റോഡില്‍ വാഹന തിരക്കുമുണ്ട്. വീതി കുറഞ്ഞ റോഡിലൂടെ ഭാരവാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടുന്നതും പതിവായി. ഇവിടുത്തെ എം സാൻഡ് ക്രഷറും കോണ്‍ക്രീറ്റ് പ്ലാന്‍റും മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊലൂഷൻ കണ്‍ട്രോള്‍ ബോർഡിനും ബന്ധപ്പെട്ട അധികാരികള്‍ക്കും ഇതു സംബന്ധിച്ച്‌ ഭീമഹർജി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. പ്രതിഷേധസമരം വാർഡ് മെമ്പർ അമ്പിളി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എബി കെ. സേവ്യർ അധ്യക്ഷത വഹിച്ചു. ആല്‍ബർട്ട് തൈമറ്റം, ജോണ്‍സണ്‍, എ.വി. ബാബു, ഷിബു ജോണ്‍, ധനീഷ് ദാമോദരൻ, സിജോ മാത്യു, എസ്.അരുണ്‍, ടി.വി. ജോണ്‍സണ്‍, ജോർജ് മുണ്ടക്കല്‍, ഷാജി വെങ്ങാപ്പിള്ളി, ആർ.രജിൻ എന്നിവർ പ്രസംഗിച്ചു.