മംഗലംഡാം റോഡ് പണി ഇഴഞ്ഞിഴഞ്ഞ്

മംഗലംഡാം : സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ തിരക്കുപിടിച്ച്‌ നടത്തേണ്ട റോഡ് പണികളെല്ലാം നീങ്ങുന്നത് ഇഴഞ്ഞിഴഞ്ഞ്. മുടപ്പല്ലൂർ – മംഗലംഡാം റോഡില്‍ തകർന്നു കിടക്കുന്ന മൂന്നു കിലോമീറ്റർ ദൂരം റീടാറിംഗും പ്രവൃത്തികളും സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയില്‍ മുടങ്ങിക്കിടക്കുകയാണ്. കരാറുകാർക്ക് മുൻപ് നല്‍കാനുള്ള കുടിശിക ലഭിക്കാത്തതാണ് പണി തുടങ്ങാൻ വൈകുന്നത്. അടുത്തദിവസം തന്നെ പണി ആരംഭിക്കുമെന്ന് കെ.ഡി. പ്രസേനൻ എംഎല്‍എ പറഞ്ഞു. വൈകിച്ച്‌ ബുദ്ധിമുട്ടിക്കരുതെന്ന് കരാറുകാരന് നിർദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. വണ്ടാഴി നെല്ലിക്കോട് മുതല്‍ ഡാമിലേക്കുള്ള റോഡില്‍ മൂന്ന് കിലോമീറ്റർ മാത്രമാണ് റീ ടാറിംഗ് നടത്തുന്നത്. ഇത്രയും കുറഞ്ഞ ദൂരത്തെ വർക്കുകള്‍ക്കു പോലും സാമ്പത്തികം തടസമാകുന്നു. മുടപ്പല്ലൂരില്‍ നിന്നും നെല്ലിക്കോട് വരെയുള്ള ഭാഗം പ്രദേശത്തെ ക്വാറി – ക്രഷർ ഉടമകളുടെ കൂടി സഹകരണത്തോടെയാണ് പണിതിട്ടുള്ളത്. ഇതിനാല്‍ ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് കടന്നു പോകാൻ സൗകര്യമായിട്ടുണ്ട്. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി ഈ രീതിയില്‍ തുടർന്നാല്‍ വികസന പ്രവർത്തനങ്ങളുടെ സ്ഥിതി എന്താകുമെന്ന ആശങ്കകളുമുണ്ട്. ചെറിയ വർക്കുകള്‍ക്കു പോലും പണം കണ്ടെത്താൻ കഴിയുന്നില്ല. പഞ്ചായത്ത് റോഡുകളുടെ റീടാറിംഗ് പണികള്‍ പലഭാഗത്തും നടക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി ഗ്രാമീണ റോഡുകള്‍ക്കും വലിയ പ്രശ്നമായിട്ടുണ്ട്. താത്കാലിക കാട്ടിക്കൂട്ടലുകളാണ് ടാറിംഗിലും നടക്കുന്നത്. ഇത് എത്ര കാലം നിലനില്‍ക്കും എന്നൊക്കെ കണ്ടറിയണം. മഴക്കാലത്തിനു മുൻപ് തകർന്ന റോഡുകളെല്ലാം വാഹനങ്ങള്‍ക്ക് പോകാവുന്ന സ്ഥിതിയിലാക്കിയില്ലെങ്കില്‍ മഴക്കാല യാത്രകള്‍ ഇക്കുറി അതിദുർഘടമാകും.