മംഗലംഡാമിലെ മണ്ണെടുക്കൽ; റീടെൻഡര്‍ നടപടികളുമായി മുന്നോട്ടെന്നു കെ.ഡി. പ്രസേനൻ എംഎൽഎ

മംഗലംഡാം : മൂന്നുവർഷമായി മുടങ്ങിക്കിടക്കുന്ന മംഗലംഡാമിലെ മണ്ണെടുക്കല്‍ പ്രവൃത്തി പുനരാരംഭിക്കാൻ റീടെൻഡർ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ.ഡി.പ്രസേനൻ എംഎല്‍എ.ഇതിനിടെ ആരെങ്കിലും അപ്പീലുമായി കോടതിയില്‍ പോയാല്‍ പിന്നേയും നടപടികള്‍ക്ക് വൈകലുണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.ഡാം ഉറവിടമായുള്ള കുടിവെള്ള പദ്ധതി യാഥാർഥ്യമാകണമെങ്കില്‍ ഡാമില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും നീക്കംചെയ്ത് സംഭരണശേഷി വർധിപ്പിക്കണം.സംസ്ഥാനത്തെതന്നെ പൈലറ്റ് പദ്ധതിയായി 2020 ഡിസംബറിലാണ് മണ്ണെടുപ്പ് തുടങ്ങിയത്. ഏതാനും മാസം മണ്ണെടുപ്പു നടന്നു. പിന്നെ പ്രശ്നങ്ങള്‍ ഓരോന്നായി തലപൊക്കി. വൈകാതെ എല്ലാം നിലച്ചു. മൂന്നുവർഷത്തിനകം മണ്ണെടുപ്പ് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2018 ജൂലൈയിലാണ് 140 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്. പൈപ്പിടലും പ്രധാന ടാങ്കുകളുടെ നിർമാണവുമെല്ലാം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴും വെള്ളത്തിന്‍റെ സ്രോതസ് കാണാമറയത്താണ്. പ്രതിദിനം 240 ലക്ഷം ലിറ്റർ വെള്ളം ഡാമില്‍ നിന്നും പമ്പ് ചെയ്താല്‍ മാത്രമെ നാലു പഞ്ചായത്തുകളില്‍ ഇട്ടിട്ടുള്ള പൈപ്പുകളിലൂടെ വെള്ളം ഒഴുക്കാനാകു.ഇതിന് ഡാമിന്‍റെ സംഭരണശേഷി പൂർവകാല സ്ഥിതിയിലാക്കണം. റിസർവോയറിലെ കൈയേറ്റങ്ങളും സംഭരണ ശേഷി കുറച്ചിട്ടുണ്ട്.