കാട് വരണ്ടുണങ്ങുന്നു; പാലക്കുഴിയിൽ വന്യമൃഗശല്യം കൂടുമെന്ന് ആശങ്ക

കടുത്തചൂടിൽ പാലക്കുഴിയിൽ വനമേഖല വരണ്ടുണങ്ങിത്തുടങ്ങിയതോടെ കുടിവെള്ളംതേടി വന്യമൃഗങ്ങൾ നാട്ടിലേക്കെത്തുമെന്ന് ആശങ്ക. വനമേഖലയിലെ തോടുകൾ ഏറെക്കുറെ വറ്റിയനിലയിലാണ്. മരങ്ങളുടെയെല്ലാം ഇലകൊഴിഞ്ഞു. പുല്ലുകളും ചെറിയ ചെടികളും കരിഞ്ഞുണങ്ങിത്തുടങ്ങി. നിലവിൽ പാലക്കുഴി പി.സി.എം, അത്തിക്കരക്കുണ്ട്, കൽക്കുഴി, വിലങ്ങൻപാറ, ഓടക്കുന്ന് എന്നിവിടങ്ങളിൽ ഇടയ്ക്കിടെ കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങുന്നുണ്ട്. ജലാംശം കൂടുതലുള്ളതിനാൽ വാഴയാണ് കാട്ടാന ഏറ്റവും കൂടുതൽ നശിപ്പിക്കുന്നത്. കൃഷിയിടങ്ങളിലെ കുഴികളിൽനിന്ന് ആനകൾ വെള്ളം കുടിക്കുന്നുമുണ്ട്.പീച്ചി വനമേഖലയിൽനിന്നാണ് കാട്ടാനകളെത്തുന്നത്. ആനകൾക്കുപിന്നാലെ മാനും പന്നിയും നാട്ടിലിറങ്ങുന്നുണ്ട്. പീച്ചി വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയണമെന്നാണ് ആവശ്യം.