മൂന്നുദിവസത്തെ പരിശ്രമത്തിനൊടുവിൽ നെല്ലിയാമ്പതിയിലെ കാട്ടുതീയണച്ചു

നെല്ലിയാമ്പതി വനമേഖലയിൽ പടർന്നുപിടിച്ച കാട്ടുതീ വനപാലകരുടെ മൂന്നുദിവസത്തെ പരിശ്രമത്തിനൊടുവിൽ പൂർണമായും അണച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ്‌ നെല്ലിയാമ്പതി വനമേഖലയിലെ തിരുവഴിയാട് സെക്ഷനിൽ ഉൾപ്പെട്ട ഒലിപ്പാറ, ഓവുപാറ മലമുകളിൽ കാട്ടുതീ പടർന്നുപിടിച്ചത്. കാട്ടുതീ പിന്നീട് മണലൂർചള്ള, വേങ്ങവാരി, ഓവുപാറ തിണ്ട്, പൂഞ്ചേരിക്കുന്ന് ഭാഗങ്ങളിലേക്കുകൂടി വ്യാപിച്ചതോടെ വലിയതോതിൽ പുൽമേടുകൾ അഗ്നിക്കിരയായി.ബുധനാഴ്ച രാത്രിയോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ശക്തമായ കാറ്റിൽ വനമേഖലയുടെ മറ്റൊരുഭാഗത്തും തീ പടരുകയായിരുന്നു. വ്യാഴാഴ്ച രാത്രിയും വനപാലകരുടെ നേതൃത്വത്തിൽ ഫയർലൈനുകളിട്ട് തീ കൂടുതൽ ഭാഗങ്ങളിലേക്ക്‌ പടരുന്നത്‌ തടഞ്ഞു.