തർക്കത്തിനിടെ അടിയേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ അഷ്കറിന്റെ വീട് കത്തിയനിലയിൽ

അയിലൂർ : കാഞ്ചിപുരത്ത് ഡംബൽകൊണ്ട് അടിയേറ്റ് അയിലൂർ സ്വദേശി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ആളുടെ വീട് കത്തിയ നിലയിൽ. അയിലൂർ പയ്യാങ്കോട് അഷ്കറിന്റെ വീടാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ കത്തിയത്. വീട് പൂർണമായും കത്തി. കാഞ്ചിപുരത്തെ സംഭവത്തിനുശേഷം അഷ്കറിന്റെ കുടുംബാംഗങ്ങൾ വീട്ടിൽനിന്ന് മാറിയാണു താമസം. അയിലൂരിലെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അയിലൂർ പയ്യാങ്കോട് കൃഷ്ണൻകുട്ടിയുടെ മകൻ സജേഷാണ് ഡംബൽ കൊണ്ടുള്ള അടിയേറ്റ് വ്യാഴാഴ്ച രാത്രി കാഞ്ചിപുരം ഒറക്കടം വല്ലം സിപ്‌കോടിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ അഷ്കറിനെ ചെങ്കൽപ്പേട്ട് പോലീസ് അറസ്റ്റു ചെയ്തിരുന്നു. സിപ്‌കോടിൽ പുതുതായി നിർമിക്കുന്ന ഇ.എസ്.ഐ. ആശുപത്രിയിലെ വെൽഡിങ് ജോലികൾക്കായി എത്തിയതായിരുന്നു ഇരുവരും.പോലീസ് നടപടികൾ പൂർത്തിയാക്കി സജേഷിന്റെ മൃതദേഹം ഞായറാഴ്ചയാണു പയ്യാങ്കോട്ടെ വീട്ടിലെത്തിച്ചത്. രാവിലെ 10 മണിയോടെ അയിലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.ഇതിനുശേഷമാണ്, അഷ്കറിന്റെ വീട് കത്തുന്നതായി കണ്ടത്. ഉടൻതന്നെ കൊല്ലങ്കോട്ടുനിന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. സംഭവത്തിലെ വൈരാഗ്യം കാരണം വീട് കത്തിച്ചതാണെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.