സുരക്ഷാ മാനദണ്ഡങ്ങൾ കെ.എസ്.ഇ.ബിക്ക് ബാധകമല്ല; സുരക്ഷയില്ലാതെ ട്രാൻസ്‌ഫോർമറുകൾ.

വടക്കഞ്ചേരി: സുരക്ഷയെപ്പറ്റി കർശന ഉപാധികൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന
കെ എസ് ഇ ബി സ്വന്തം കാര്യം വരുമ്പോൾ അതെല്ലാം മറക്കും. അതിന് ഉദാഹരണങ്ങളാണ് വടക്കഞ്ചേരി നഗരത്തിൽ കമ്മാന്തറ റോഡിലേയും, വാൽക്കുളമ്പ് പറിച്ചാട്ടത്തെയും ട്രാൻസ്‌ഫോർമറുകൾ. യാതൊരു സുരക്ഷയുമില്ലാതെ അപകടകരമായ സ്ഥിതിയിലാണ് ഈ രണ്ടു ട്രാൻസ്‌ഫോർമറുകളും.

സുരക്ഷയേപറ്റി പറയുന്ന കെ എസ് ഇ ബി യുടെ പാറച്ചാട്ടത്തെ ട്രൻസ്‌ഫോർമറിലെ ഹൈ ടെൻഷൻ കേബിളുകൾ ഒരു ചെരുപ്പിന്റെയും, കുപ്പിയുടേയും സുരക്ഷയിലാണ് നിൽക്കുന്നത്. ഇവിടെ സുരക്ഷാ വേലിയുമില്ല. ധാരാളം വാഹനങ്ങളും പൊതുജനങ്ങളും സഞ്ചരിക്കുന്ന പൊതുവഴിലെ ട്രാൻസ്‌ഫോർമറിന്റെ സ്ഥിതിയാണിത്.

വടക്കഞ്ചേരി നഗരത്തിൽ കമ്മാന്തറ റോഡിലുള്ള ട്രാൻസ്‌ഫോർമറിനുമില്ല സുരക്ഷാ വേലി. തിരുവറക്കും പോത്തപ്പാറക്കും പോകുന്ന റോഡിൽ ധാരാളം കടകൾക്ക് നടുവിലാണ് ഈ ട്രാൻസ്‌ഫോർമർ. കമ്മാന്തറ സ്കൂലിലേക്ക് ഇവിടെ നിന്നും നൂറു മീറ്റർ മാത്രമാണ് ദൂരം. വിദ്യാർത്ഥികളും പൊതുജനങളുമായി എപ്പോഴും തിരക്കുള്ള ഇവിടെ എന്ത് സുരക്ഷയാണുള്ളതെന്ന് നാട്ടുകാർ ചോദിക്കുന്നു.
കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിനെതിരെ ഉന്നത കേന്ദ്രങ്ങളിൽ പരാതിപ്പെടാൻ ഒരുങ്ങുകയാണ് നാട്ടുകാർ.