മുപ്പതാണ്ടിന്റെ ആത്മബന്ധം; പനനൊങ്കും, ലക്ഷ്മിയും പിന്നെ വടക്കഞ്ചേരിയും.

വടക്കഞ്ചേരി: മുപ്പത്താണ്ട് മുൻപ് മാതാപിതാക്കളോടൊപ്പം നാലഞ്ച് വലിയ ചാക്ക് നിറയെ പനമ്പഴവുമായി വടക്കഞ്ചേരിയിലെത്തിയതാണ് ലക്ഷ്മി. പിന്നെ അതൊരു തുടർച്ചയായി. വിവാഹിതയായപ്പോൾ ഭർത്താവിനോപ്പവും പിന്നീട് ഒറ്റക്കും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഇപ്പോഴും ലക്ഷ്മി വടക്കഞ്ചേരി ശിവരാമ പാർക്കിന് മുന്നിലുണ്ട്. പനമ്പഴത്തിൽ നിന്ന് പനനൊങ്കു അടർത്തി വില്പന നടത്തുന്നു.

കടുത്ത വേനൽചൂടിൽ പാലക്കാടുകാരുടെ ജീവിതത്തിന്റെ ഭാഗമാണ് പനനൊങ്ക്. കൃത്രിമത്വങ്ങള്‍ യാതൊന്നുമില്ലാതെ പ്രകൃതിദത്ത വിഭവമായതുകൊണ്ട് നൊങ്കിന് വടക്കഞ്ചേരിയിൽ
നൊങ്കിന്റെ വില്പനയും കൂടി. നൊങ്ക് പാർസലായി വാങ്ങിക്കൊണ്ടു പോകുന്നവരും ധാരാളം.
10 എണ്ണം നൂറു രൂപയ്ക്കു വില്പന. ചൂടുകാലത്ത് ഔഷധഗുണമുള്ള നൊങ്ക് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പൊതുവേ പറയുന്നത്. മായങ്ങളൊന്നും ചേരാത്തതിനാല്‍ നൊങ്കിന് ആവശ്യക്കാരും കൂടുതലാണ്.

നൊങ്ക് കൂടുതലും എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നുമാണെന്ന് ലക്ഷ്മി പറയുന്നു.കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് നൊങ്ക് കൂടുതലായി എത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ നൊങ്കുകള്‍ ഇവിടേക്ക് എത്തിച്ചുകൊടുക്കാനും ഇടനിലക്കാരുണ്ട്.

ലക്ഷ്മി ദിവസക്കൂലിക്കാണ് വടക്കഞ്ചേരിയിൽ കഴിഞ്ഞ പതിനെട്ടു വർഷമായി വില്പന നടത്തുന്നത്. ഇപ്പോൾ അഞ്ഞൂറ് രൂപയാണ് കൂലി. കൊഴിഞ്ഞാമ്പാറയിലാണ് ലക്ഷ്മിയുടെ വീട്. രാവിലെ ഒൻപതു മണിക്കെത്തിയാൽ വൈകുന്നേരം ആറു മണിയാകും തിരിച്ചു പോകാൻ. ഒരു ദിവസം 3000 രൂപക്ക് മുകളിൽ വില്പന നടക്കുന്നുണ്ട്.

ലക്ഷ്മിയുടെ ഭർത്താവ് പീറ്റർ പാലക്കാടും അനുജൻ യാക്കരയിലും നൊങ്കു വില്പന നടത്തുന്നുണ്ട്. നാല് മക്കളാണ് ലക്ഷ്മിക്ക്. മൂന്നു പെൺകുട്ടികളും ഒരു മകനും. ഇളയ രണ്ടു പെൺകുട്ടികൾ സ്കൂൾ വിദ്യാർത്ഥികളാണ്. മൂത്ത മകൾ വീട്ടിൽ തന്നെയാണ്. മകൻ അച്ഛനോടൊപ്പം നൊങ്കു വില്പന രംഗത്താണ്. ആറു മാസം മാത്രമാണ് നൊങ്കു കച്ചവടമുള്ളു. ബാക്കി ആറു മാസം മറ്റ് കൂലി പണികൾക്ക് പോകും.